ദുബായ്: മികച്ച സാങ്കേതിക വിദ്യയും പരിശീലന സൗകര്യങ്ങളുമായി ലോകത്തിലെ ഒന്നാം നമ്പര്‍ പോലീസ് സേനയാകാനുള്ള ഒരുക്കത്തിലാണ് ദുബായ് പോലീസ്. ഇതിന്റെ ഭാഗമായി മേയ് മാസം മുതല്‍ യന്ത്ര പോലീസുകാര്‍ പ്രവര്‍ത്തന നിരതരാകും. തുടക്കത്തില്‍ ഇവരുടെ അംഗസംഖ്യ കുറവായിരിക്കുമെങ്കിലും 2030 ആകുമ്പോഴേക്കും പോലീസ് സേനയില്‍ 30 ശതമാനത്തോളം യന്ത്ര പോലീസുകാരുടെ സാന്നിധ്യമുണ്ടാകും. ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളും സങ്കീര്‍ണ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നീക്കത്തിന്റെയും ഭാഗമാണ് ഈ പരിഷ്‌കരണം.

ദുബൈയില്‍ നടന്നുവരുന്ന ആഗോള പൊലീസ് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച അഞ്ച് പൊലീസ് സേനകളിലൊന്ന് ദുബൈയുടേതാകും. സമ്പൂര്‍ണ ഡി.എന്‍.എ ബാങ്ക് രൂപീകരിക്കുന്നതോടെ രാജ്യത്ത് അറിയപ്പെടാത്തതോ ദുരൂഹസാഹചര്യത്തിലുള്ളതോ ആയ കുറ്റകൃത്യങ്ങള്‍ ഉണ്ടാകില്ലെന്നാണ് പോലീസ് സേനയിലെ ഉന്നത അധികൃതരുടെ നിഗമനം. ജീവനക്കാരുടെ സേവനം ആവശ്യമില്ലാത്ത സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സംവിധാനവും 2030-ഓടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകും.