ഇനിയും ഒരുപാട് ജോലി ചെയ്യണം പ്രേമിക്കണം; 20 വയസ് കുറച്ച് തരണമെന്ന് 69 കാരൻ്റെ ഹര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing ഇനിയും ഒരുപാട് ജോലി ചെയ്യണം പ്രേമിക്കണം; 20 വയസ് കുറച്ച് തരണമെന്ന് 69 കാരൻ്റെ ഹര്‍ജി

ഹേഗ്(നെതര്‍ലാന്‍ഡ്‌സ്): എനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യണം, പ്രേമിക്കണം. അതിനുള്ള ആരോഗ്യമുണ്ടെങ്കിലും ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണം എന്നാണ് നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ 69 വയസുകാരനായ വൃദ്ധന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എമിലേ റാറ്റല്‍ബന്‍ഡ് എന്ന ‘ലൈഫ് കോച്ച്’ ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. തന്റെ ജനനത്തീയ്യതി 1949 മാര്‍ച്ച് 11 ല്‍ നിന്ന് 1969 മാര്‍ച്ച് 11 ലേക്ക് മാറ്റിതരണമെന്ന ന്യായമായ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു. ഒരാള്‍ക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം. പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാന്‍ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആര്‍ക്കും തോന്നിപ്പോകും. ആര്‍ണ്‍ഹെം നഗരത്തിലെ കോടതി ഈ കേസില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും. എന്നാല്‍ ആ നഗരത്തിലെ അധികൃതര്‍ ആകെ സംശയത്തിലാണ്. ജനനത്തിയതി മാറ്റാന്‍ നിലവില്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ എമിലേയുടെ ഹര്‍ജി തള്ളാനാണ് സാധ്യതയെന്നാണ് ഇവരുടെ പക്ഷം. തന്റെ വയസ് കാരണം താന്‍ പലതരത്തിലുള്ള വിവേചനം അനുഭവിക്കുന്നു എന്നാണ് എമിലേയുടെ വാദം. തന്റെ പ്രായം 49 ആക്കി തന്നാല്‍ തന്റെ പെന്‍ഷന്‍ തിരിച്ച് നല്‍കാമെന്നും ഇദ്ദേഹം പറയുന്നു. ഈ വര്‍ഷം ആദ്യം ബുദ്ധമതം സ്വീകരിച്ച എമിലേ ഒരു വ്യക്തിത്വ വികസന പരിശീലകനായിട്ടാണ് ജോലി നോക്കുന്നത്.

0Shares