ഇത് ഒരു മെഗാസ്റ്റാർ സിനിമയല്ല, എസ്.ഐ മണിയുടെയും പിള്ളേരുടെയും കഥയാണ്; കണ്ടുമടുത്ത താരത്തകർപ്പുകളും, അതിമാനുഷികതയും വെറും ഉണ്ടയായിരുന്നല്ലോയെന്ന് തോന്നിപ്പിക്കുന്ന ‘ഉണ്ട’

  • Post category:news
  • Reading time:2 mins read
You are currently viewing ഇത് ഒരു മെഗാസ്റ്റാർ സിനിമയല്ല, എസ്.ഐ മണിയുടെയും പിള്ളേരുടെയും കഥയാണ്; കണ്ടുമടുത്ത  താരത്തകർപ്പുകളും, അതിമാനുഷികതയും വെറും ഉണ്ടയായിരുന്നല്ലോയെന്ന് തോന്നിപ്പിക്കുന്ന ‘ഉണ്ട’

ബുദ്ധിയും, കൈക്കരുത്തും കൊണ്ട് അനീതിയെയും അക്രമത്തെയുമൊക്കെ ചെറുത്തു തോൽപ്പിക്കുന്ന പോലീസ് സേനയെ സ്ക്രീനിൽ ഒരുപാട് കണ്ട് ശീലിച്ച നമ്മുടെ മുന്നിലേക്ക് തോക്കിൽ നിറയ്ക്കാൻ ഉണ്ട പോലുമില്ലാതെ ചത്തീസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാനിടയാകുന്ന ഒരു കൂട്ടം പോലീസുകാരുടെ കഥയുമായാണ് ഖാലിദ് റഹ്മാൻ ഇത്തവണയെത്തുന്നത്. തൊഴിലിടങ്ങളിൽ നിങ്ങളുടെ പ്രതീക്ഷക്കൊത്തുയരാത്ത മേലുദ്യോഗസ്ഥനോട് ദേഷ്യം തോന്നിയിട്ടുണ്ടോ? അതേ, പ്രതിസന്ധി ഘട്ടത്തിൽ കൂടെയുള്ളവരുടെ പ്രതീക്ഷക്കൊത്തുയരാനാകാത്തതിൽ സങ്കടം തോന്നിയിട്ടുണ്ടോ?

നിറത്തിന്‍റെയും ജാതിയുടെയും പേരിലുള്ള മുറുമുറുപ്പുകൾ ജോലിയിടങ്ങളിൽ പിന്നാമ്പുറത്ത് കേട്ടിട്ടുണ്ടോ ?കാര്യത്തോടു കാര്യം വരുമ്പോൾ ഒക്കെയും മറന്ന് ഒറ്റക്കെട്ടായി നിന്നു പണിഞ്ഞു തീർത്തിട്ടുണ്ടോ?കാര്യം കഴിയുമ്പോൾ ഒരു നന്ദി വാക്ക് പോലും കേൾക്കാതെ സെൽഫിയുമെടുത്ത് അടുത്ത പണിയിലേക്ക് കടക്കേണ്ടി വന്നിട്ടുണ്ടോ ? അങ്ങനെയെങ്കിൽ നിങ്ങൾക്കീ സിനിമ രസിക്കേണ്ടതാണ്. നമുക്കു ചുറ്റുമുള്ള ആ രസങ്ങളൊക്കെ തന്നെ കഥയായി പറയുന്ന സിനിമയാണ് ‘ഉണ്ട’.

തമാശയും കളി ചിരിയുമൊക്കെയായി പൂർണമായും എന്റർടൈനർ ആയിരിക്കെ തന്നെ വ്യക്തമായ രാഷ്ട്രീയം എഴുത്തിലൂടെ മുന്നോട്ട് വെയ്ക്കുന്ന സിനിമയാണ് ‘ഉണ്ട’. അതുമൊരൽപ്പം പോലും തിരുകി കയറ്റലുകളില്ലാതെ. നിറവും ജാതിയുമെന്നിങ്ങനെ നമ്മുടെ തമാശകൾ മറ്റുള്ളവർക്ക് തമാശയാകാത്തതെങ്ങനെയെന്ന് പറഞ്ഞ് തുടങ്ങുന്നത് ‘തമാശ’ സിനിമ പറഞ്ഞു നിർത്തുന്നയിടത്ത് നിന്ന് തന്നെയാണ്. മാവോയിസ്റ്റുകളെക്കാൾ പേടിക്കേണ്ടവരെപ്പറ്റിയും പറയാതെ പറയുന്നുണ്ട്. ഹർഷദും, ഖാലിദ് റഹ്മാനും ചേർന്നെഴുതിയതാണ് തിരക്കഥ. ഖാലിദിന്‍റെ ആദ്യ പടമായ അനുരാഗ കരിക്കിൻ വെള്ളത്തിന്‍റെ ഏതാണ്ടതേ വിഭാഗത്തിൽപ്പെടുത്താവുന്ന ‘ക്ലീൻ എൻറർടൈനർ.’

മമ്മൂട്ടിയുടെ എസ്.ഐ മണിയനൊപ്പമുള്ള പോലീസ് കൂട്ടം താരസമ്പന്നമാണ്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ് എന്നിങ്ങനെ പോകുന്ന യുവനിര. കൂട്ടത്തിൽ ബിജുകുമാർ എന്ന പോലീസ് കോൺസ്റ്റബിളനെ അവതരിപ്പിച്ച ലൂക്ക് മാൻ ലുക്കുവിന്‍റെ പേരെടുത്ത് പറയേണ്ടതാണ്. അതെന്തിനെന്നുള്ളത് തീയേറ്ററിലിരുന്ന് മനസ്സിലായിക്കേണ്ടതുമാണ് .പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം, സാബു മോഹന്‍റെ കലാസംവിധാനം . ഇതു രണ്ടിനെയുംപറ്റി പറഞ്ഞ് വെയ്ക്കാതെ ഈ സിനിമയെ പറ്റി എന്ത് പറഞ്ഞ് നിർത്തിയാലും പൂർത്തിയാകുകയില്ല. ഈ വിഭാഗങ്ങളുടെ പണിയെടുപ്പും പ്രതിഭയും അത്രകണ്ട് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

ഉണ്ട ഒരു മെഗാസ്റ്റാർ പടമല്ല. മാവോയിസ്റ്റ് പടവുമല്ല. എസ്.ഐ മണിയുടെയും പിള്ളേരുടെയും കഥയാണ്. ഇതുവരെ സ്ക്രീനിലാഘോഷിച്ച് കണ്ട പല താരത്തകർപ്പുകളും, അതിമാനുഷികതയും വെറും ഉണ്ടയായിരുന്നല്ലോയെന്ന് തോന്നിപ്പിക്കുന്നുണ്ട് ‘ഉണ്ട’. പോലീസുകാരുൾപ്പടെയുള്ള സാധാരണക്കാരന്‍റെയൊക്കെ ജീവനോ, സ്വത്തിനോ, മണ്ണിനോ വലിയ വിലയൊന്നും കൽപ്പിച്ചിട്ടില്ലാത്ത ഒരു വ്യവസ്ഥിതിക്കെതിരെ, തിരക്കഥ മെനഞ്ഞ് ആസൂത്രണം ചെയ്യാവുന്ന കുടിയൊഴിപ്പിക്കലുകൾക്കെതിരെ, വാണിജ്യ മലയാള സിനിമകൾ അഭിസംബോധന ചെയ്യാൻ മടിച്ചിട്ടുള്ള ജാതിക്കുത്തുകൾക്കെതിരെയൊക്കെ തിര നിറയ്ക്കുന്നതാണീ സിനിമ. ഏതു പ്രായക്കാരനും ധൈര്യമായി ടിക്കറ്റെടുക്കാം. ഒരു വെടിയ്ക്കുള്ളതൊക്കെയുണ്ട് ഈ ഉണ്ടയിൽ.

0Shares