ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി വ്യത്യസ്തമായൊരു സമരമുറ നടത്തി തമിഴ്നാട്ടിലെ കര്‍ഷകര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി വ്യത്യസ്തമായൊരു സമരമുറ നടത്തി തമിഴ്നാട്ടിലെ കര്‍ഷകര്‍.

ദില്ലി: കടുത്ത വരള്‍ച്ച കാരണം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള 170ഓളം കര്‍ഷകരാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിച്ചി, തഞ്ചാവൂര്‍ നിവാസികളാണിവര്‍. വരള്‍ച്ച കാരണം കൃഷി നശിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൊണ്ടുള്ള മാലയുണ്ടാക്കി കഴുത്തിലണിഞ്ഞാണ് ഇവര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിേഷധത്തിനിരിക്കുന്നത്. 140 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് തമിഴ് നാട്ടില്‍ ഇത്രയും കടുത്ത വരള്‍ച്ച ഉണ്ടാവുന്നത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 29 ലക്ഷം ഏക്കറുകളിലാണ് കൃഷി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഒരൊറ്റ ഏക്കറില്‍ പോലും കൃഷി ചെയ്യാന്‍ സാധിച്ചില്ല എന്ന് നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷന്‍ നേതാവ് പി അയ്യകണ്ണ് പറഞ്ഞു. 

കാര്‍ഷിക മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി ചെന്നെങ്കിലും പൊലീസ് ഇവരെ സ്ഥലത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് ഇവര്‍ നിരാഹാരസമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേരീതിയില്‍ സമരത്തിനെത്തിയ ഇവരിലൊരാളുടെ കാലിന് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. കര്‍ഷകരെയും അവരുടെ കുടുംബത്തെയും അപമാനിക്കരുതെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം, നദികള്‍ പരസ്പരം കൂട്ടി ബന്ധിപ്പിച്ച് വരള്‍ച്ച പ്രശ്നം പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനിരിക്കുന്നത്. ഇൗ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഞങ്ങളും ആത്മഹത്യ ചെയ്യുമെന്നാണ് ഈ പാവം കര്‍ഷകര്‍ പറയുന്നത്. 2247 കോടിയുടെ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് ഇവര്‍ക്കുണ്ടെങ്കിലും അതൊന്നും ഇതിന് പരിഹാരമല്ലെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്നാട് ഗവണ്‍മെന്റ് പോലും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

0Shares