ആംബുലന്‍സിന് സ്വമേധയാ പൈലറ്റ് പോയ തന്നെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് കാര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യം ഡ്രൈവര്‍ക്ക് എട്ടിന്റെ പണികൊടുത്തു. വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ആംബുലന്‍സിന് സ്വമേധയാ പൈലറ്റ് പോയ തന്നെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് കാര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യം ഡ്രൈവര്‍ക്ക് എട്ടിന്റെ പണികൊടുത്തു. വീഡിയോ കാണാം

കൊച്ചി: ആലുവ എടത്തലയില്‍ അത്യാസന്ന നിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിനെ വഴി തടഞ്ഞ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പോലിസിന് നല്‍കിയത് വിചിത്രമൊഴി. താന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്ന് കാറുടമ. സ്വമേധയാ പൈലറ്റ് പോയ തന്നെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കാറുടമായ ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസ് പറഞ്ഞു. മറ്റുവാഹനങ്ങള്‍ ആംബുലന്‍സിനു മുമ്പില്‍ തടസമാകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ജോസ് മൊഴി നല്‍കി. എന്നാല്‍ പോലിസ് ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ല. അതേസമയം കാര്‍ഡ്രൈവറുടെ വാദം അസംബന്ധമാണെന്ന്് ആംബുലന്‍സ് ഡ്രൈവറും വ്യക്തമാക്കുന്നു. ജോസിന്റെ കെ.എല്‍ 17 എല്‍ 202 നമ്പറിലുള്ള എക്കോ സ്പോര്‍ട്ട് കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോസ് താന്‍ പൈലറ്റ് പോയതാണെന്ന വിചിത്രവാദവുമായി രംഗത്തുവന്നത്. ആംബുലന്‍സിനെ പോകാന്‍ അനുവദിക്കാതെ കാറോടിച്ചതിന് ജോസിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

https://www.youtube.com/watch?v=0bIZ0_6LyC8

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ സി.എസ് അയ്യപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പൊലീസ് ജോസിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ശ്വാസതടസംമൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സിന് വഴി മാറി നല്‍കാതെ ഇയാള്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ പെരുമ്പാവൂരില്‍ നിന്നും 15 മിനുറ്റുകൊണ്ട് കളമശ്ശേരിയിലെ ആശുപത്രിയിലെത്തേണ്ട ആംബുലന്‍സിന് 35 മിനുറ്റ് എടുക്കേണ്ടിവന്നു. സംഭവ സമയം ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ടായിരുന്നു. വഴി നല്‍കാതെ പോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ ആംബുലന്‍സിലുണ്ടായിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയായിരുന്നു. ഇതിനേ തുടര്‍ന്നാണ് പൊലീസ് ജോസിനെതിരെ സ്വമേധയാ കേസെടുത്തത്.

0Shares