
കായംകുളം: മോഹന്‍ലാലും ജയറാമും അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം ധോണിയുടെ രണ്ടുവയസുകാരിയായ സിവ ആലപിച്ചത് വൈറലായിരുന്നു. നല്ല ശബ്ദത്തില്‍ തെറ്റുകള്‍ കൂടാതെ കുട്ടി ഈ ഗാനം ആലപിച്ചത് എങ്ങിനെ എന്ന് കമന്റില്‍ മലയാളികള്‍ ആശ്ചര്യപ്പെടുകയും ചെയ്തു. ശ്രീശാന്ത് ആകാം പാട്ട് പഠിപ്പിച്ചത് എന്ന് കരുതി എങ്കിലും ശ്രീ നിഷേധിച്ചു. ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ആയിരുന്നു കുട്ടിയെ മലയാളം പാട്ട് പഠിപ്പിച്ചത് എന്ന് പിന്നീട് വിവരം പുറത്തുവന്നു. ഇപ്പോഴിതാ, സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.

ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്. ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നു തന്നെ എം.എസ്. ധോണിക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. താന്‍ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാല്‍പ്പായസം നുകരാനുമുള്ള അവസരം സിവയ്‌ക്കൊരുക്കുകയുമാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
