
കൊച്ചി: നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മ്മിതാണെന്നാണ് നിഗമനം. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് വകുപ്പ് ഇപ്പാള്‍ നടിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഒന്നര കോടിയുടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയത്. നേരത്തേ ഇടപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു. അമലാപോളിന് നല്‍കിയ നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന വാഹനത്തിന്റെ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കിയത്. ഈ രേഖകളിലാണ് കൃത്രിമം നടന്നിട്ടുള്ളതായി വ്യക്തമായത്. ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.
തനിയ്ക്ക് ഇന്ത്യയിലെവിടെയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശമുണ്ടെന്നും തന്നെ അനാവശ്യമായി ആക്രമിക്കുകയാണെന്നും ആരോപിച്ച് അമല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. സര്‍ക്കാരിന് ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
