‘അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്, രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്, അവിടെയൊക്കെ അവസരവുമുണ്ട്’; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനായി നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്, രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്, അവിടെയൊക്കെ അവസരവുമുണ്ട്’; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനായി നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അബ്ദുള്ളക്കുട്ടി വന്നത് കൊണ്ട് ബി.ജെ.പിക്ക് എത്ര മുസ്ലീംവോട്ടുകള്‍ ലഭിച്ചെന്ന് വോട്ട് എണ്ണുമ്പോള്‍ അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം സംസ്ഥാന ബി.ജെ.പിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. താന്‍ കാലുമാറുന്ന ആളല്ല. കാഴ്ച്ചപ്പാട് മാറുന്നയാളാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. പദവി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

ആത്മാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിന്‍റെയും ബഹുജനബന്ധത്തിന്‍റെയും പാരമ്പര്യമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പര്‍ പവറാക്കാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ച കാര്യം അറിയിച്ചത്.

0Shares