
അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ രാജ്യത്തെവിടെയും തുടങ്ങിയിട്ടില്ലെന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതാ കണ്ടോളൂ ഇതാണ് ആ കേന്ദ്രങ്ങള്‍. കര്‍ണാടകയിലെ സെണ്ടിക്കൊപ്പയിലാണ് ആദ്യ കേന്ദ്രം പൂര്‍ത്തിയാകുന്നത്. രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും ബംഗ്ലാദേശ് പൗരന്‍മാര്‍ക്കുമുളള അഭയാര്‍ത്ഥി കേന്ദ്രമാണിതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമായാണ് തടങ്കല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശം വരുന്നതിന് മുന്‍പ് തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്കായി കേന്ദ്രം തുറക്കാന്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടവിലാവുന്നവര്‍ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതിനുളളില്‍ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങള്‍ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശമുണ്ട്. കമ്പിവേലിയുള്ള ചുറ്റുമതില്‍, അടുക്കളയും കുളിമുറിയുമുള്ള 15 മുറികള്‍, രണ്ട് നിരീക്ഷണ ടവറുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റല്‍ കെട്ടിടം ജയിലിന് സമാനമെന്ന് പറയാം.
