
ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബി.ജെ.പി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ പണം കൈമാറിയതായി വെളിപ്പെടുത്തല്‍. കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പക്കലുളള ബി.ജെ.പി നേതാവിന്‍റെ ഡയറിയിലാണ് പണം നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ ഉളളത്. ഏകദേശം 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി നല്‍കിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പല കേസുകള്‍ക്ക് വിവിധ ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്നും ഡയറിയില്‍ പറയുന്നു എങ്കിലും ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല. ദേശീയ മാധ്യമമായ കാരവന്‍ മാഗസിനാണ് ഡയറി പകര്‍പ്പ് പുറത്ത് വിട്ടത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയതാണ് ഓരോ പേജും എന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 – ജനുവരി 17, 18 തിയ്യതികളിലെ ഡയറി പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നതിന് നല്‍കിയ കൈക്കൂലിയാണ് ഇതെന്നും ആരോപണമുണ്ട്.
2017 മുതല്‍ ഈ ഡയറി ആദായ നികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റിലിയുടെ അടുത്ത് ഈ രേഖകള്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം നടപടികള്‍ മരവിപ്പിക്കപെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2011 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പിന്‍റെ കൈവശം യെദ്യൂരപ്പയുടെ ഡയറി എത്തിചേര്‍ന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
