വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വിജയ സാധ്യതയുമായി അവസാന സര്‍വേഫലം. ഹിലരി ക്ളിന്റന് 46 ഉം ഡൊണാള്‍ഡ് ട്രംപിന് 43 ഉം ശതമാനമാണ് ജനപിന്തുണയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് പുറത്തുവന്ന സര്‍വേകളില്‍ പറയുന്നത്.
അവസാന നിമിഷവും പ്രചാരണരംഗത്ത് സജീവമായിരുന്ന ഇരു സ്ഥാനാര്‍ഥികളും. ഒരു കക്ഷിയോടും പൂര്‍ണമായ ആഭിമുഖ്യമില്ലാത്ത സംസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രചാരണം നടത്തിയത്. അയോവ, മിഷിഗണ്‍, മിനസോട്ട, വിര്‍ജീനിയ, ഫ്ളോറിഡ, ഹ്യൂ ഹാംഷെയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ട്രംപ് അവസാന ദിവസങ്ങളില്‍ പ്രചാരണം കേന്ദ്രീകരിച്ചതെങ്കില്‍, നോര്‍ത്ത് കാരലിനയിലെ റെലീഹിലാണ് ഹിലരി പ്രചാരണം അവസാനിപ്പിച്ചത്.

ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിക്കാകും ആ സംസ്ഥാനത്തിന്റെ പിന്തുണ ലഭിക്കുക. ജനസംഖ്യയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 വോട്ടു നേടുന്നയാള്‍ വിജയിക്കും. രണ്ട് സംസ്ഥാനം ഒഴിച്ച് എല്ലായിടത്തും വിജയിക്കുന്ന സ്ഥാനാര്‍ഥിക്കുതന്നെ അവിടെനിന്നുള്ള ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ എല്ലാ വോട്ടും ലഭിക്കും. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്.