
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാമനിർദ്ദേശ പത്രിക നൽകി. ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരൻ പത്രിക സമർപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, പാറക്കൽ അബ്ദുള്ള എന്നിവർക്കൊപ്പമാണ് മുരളീധരൻ പത്രികാ സമർപ്പണത്തിനെത്തിയത്.
അതേസമയം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമാണ് ഏപ്രില്‍ നാല്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുമെന്ന് രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. മുന്നൊരുക്കത്തിന് കേന്ദ്രനേതാക്കളെ ഉള്‍പ്പെ ടുത്തി വയനാട്ടില്‍ യോഗം ചേരും.

എ.ഐ.സി.സിയുടെ കേരളത്തിലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല. അതേസമയം, സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കാന്‍ എസ്പിജി സംഘം ഇന്നു വയനാട്ടിലെത്തും.
വയനാട്ടിലേക്കുള്ള രാഹുലിന്റെ ആദ്യവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹിയിലെ നേതാക്കള്‍. പക്ഷെ രാഹുല്‍ അമേഠിയില്‍ നിന്നു പേടിച്ചോടിയെന്ന പ്രചാരണം കടുപ്പിക്കാനാണു ബി.ജെ.പിയുടെ നീക്കം. രാഹുല്‍ വയനാട്ടിലേക്കെത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഉയരുന്ന ചോദ്യശരങ്ങളെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന പി. ജയരാജനാണ് വടകരയില്‍ മുരളീധരന് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എമ്മിലെയും കോൺഗ്രസിലെയും കരുത്തർ മത്സരിക്കുന്ന വടകര മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
