
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ കുത്തനെ ഉയർന്ന് 7.2 ശതമാനമായി. ഇത് 2016 സെപ്തംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ 5.9 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക്. കഴിഞ്ഞ ദിവസം മുംബൈയിലെ സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിക്സ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നോട്ട് നിരോധനം, ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ വരവ്, ചരക്കുസേവന നികുതി എന്നിവ 2018 മാത്രം 1.1 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. കോടിക്കണക്കിന് ചെറു വ്യവസായങ്ങളെ ഇത് ബാധിച്ചെന്നും വ്യക്തമാക്കുന്നു. പക്ഷെ ചെറുകിട വ്യവസായങ്ങളിൽ നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ വിശദാംശങ്ങൾ കഴിഞ്ഞമാസം കേന്ദ്രസർക്കാർ പാർലമെൻറിൽ പറഞ്ഞിരുന്നു
പ്രതിവർഷം രണ്ടു കോടി ആളുകൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധം അടുത്തിടെ പുറത്തുവന്ന രണ്ടാമത്തെ റിപ്പോർട്ട് ആണിത്. 2017 – 18 കാലയളവില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ എത്തി എന്നും, കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നുള്ള ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. കൃത്യത ഉറപ്പാക്കണമെന്ന് കാട്ടി ഡിസംബറിൽ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന ദേശീയ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടാണ് ജനുവരിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
