റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200ലേറെ പേര്‍ മരിച്ചു. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോയ രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ മാത്രമെ കണ്ടെത്താനായുള്ളു. ബാക്കിയുള്ളവര്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു.
അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഒരു ബോട്ടില്‍ 120 മുതല്‍ 140ലധികം പേരോളം ഉണ്ടായിരുന്നു. ഇറ്റാലിയന്‍ തീരദേശ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് പുറപ്പെട്ട കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായത്.