കൊച്ചി: അനാഥബാല്യത്തിന്റെയും തീരാദുരിതങ്ങളുടെയും സങ്കടക്കടല്‍ നീന്തികടന്ന് സനാഥയായി മാറിയ മാളു ഷെയ്ക എന്ന 21 കാരി വര്‍ത്തമാന കാല കേരളീയ സമൂഹത്തിന്റെ ഹൃദയം കവരുന്നു. അപൂര്‍വ്വവും അവിശ്വസനീയവും ആശ്ചര്യഭരിതവുമായ ഒരു ജന്മം എന്ന് നമുക്ക് മാളുവിന്റെ ജീവിതത്തെ വിശേഷിപ്പിക്കാം. കേരളത്തിലെ സ്ത്രീ സമൂഹത്തിനാകെ മാതൃകയും പ്രചോദനവും പകരുന്നു മാളുവിന്റെ ജീവിതാനുഭവങ്ങള്‍…ആലപ്പുഴ കുമരകത്തു നിന്ന് മുഹമ്മയിലേക്ക് 9 കിലോ മീറ്റര്‍ കായല്‍ നീന്തിയ മാളു ഷെയ്ക വാസ്തവത്തില്‍ നീന്തിക്കയറിയത് സ്വന്തം സ്വപ്നങ്ങളിലേക്കാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവസാനിച്ചു എന്ന് കരുതിയ ജീവിതം കഠിനാധ്വാനത്തിലൂടെ തിരിച്ചു പിടിച്ചവളാണ് ഈ 21 കാരി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തകര്‍ന്നത് മാളു ഷെയ്ക എന്ന കുഞ്ഞു മനസ്സാണ്. തന്നെ ആരു സംരക്ഷിക്കുമെന്നും തന്റെ ജീവിതം എന്താകുമെന്നും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ നഷ്ട്ടപ്പെട്ടുപോയ വര്‍ണ്ണങ്ങള്‍ തിരിച്ചു പിടിക്കാനായിരുന്നു പിന്നീട് അവളുടെ ശ്രമം. 21 വയസ്സിനുള്ളില്‍ അനുഭവിച്ച കഷ്ടപാടുകളും പ്രതിസന്ധികളും കടലോളമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറി പിന്നീട് അവളുടെ ജീവിത വഴികള്‍.

മാതാപിതാക്കളുടെ വേര്‍പിരിയലിനു ശേഷം ഉമ്മയുടെ നാട്ടിലേക്ക് താമസം മാറുകയും അവിടെ നിന്ന് പുനര്‍ വിവാഹിതയായ മാതാവിനൊപ്പം ബാംഗ്ലൂരുവിലേക്ക് പറിച്ചു നട്ടതുമായിരുന്നു ബാല്യം. ആറുവര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ വാസത്തിനൊടുവില്‍ പതിനാറാം വയസ്സില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയാകേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ കേരളത്തിലേക്ക് തിരിച്ചു വരികയും ആലപ്പുഴ കായലില്‍ ചാടി മരിക്കാനൊരുങ്ങുകയും ചെയ്തവളാണ് മാളു ഷെയ്ക. കായലിലേക്ക് ചാടാനൊരുങ്ങവേ ദൈവദൂതനെ പോലെ ആരോ പിന്തിരിപ്പിച്ചു. തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യമുണ്ടാക്കി തന്നത് അദ്ദേഹമാണെന്ന് മാളു ഷെയ്ക പറയുന്നു. മറ്റുള്ളവര്‍ക്ക് പ്രചേദനമാകാനും സ്വപ്നം കാണാനും പറഞ്ഞതും തനിക്ക് പുതിയൊരു വഴിത്തിരിവ് നല്കിയതും അദ്ദേഹമാണെന്ന് മാളു പറയുന്നു. പിന്നീട് ഡ്രൈവിങ് പരിശീലക, ഹെവിവെഹിക്കിള്‍ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, എല്‍.ഐ.സി ഏജന്റ് തുടങ്ങിയ നിലകളിലൊക്കെ തന്റെ 21 വയസ്സിനുള്ളില്‍ ജീവിച്ചു തീര്‍ത്തവളാണ് ഇവള്. ജീവിത നാടകത്തിലെ ഓരോരോ വേഷപകര്ച്ചകള്. തന്റെ ജീവിത സ്വപ്നം ഐ.എ.എസ് ഓഫിസര്‍ ആണെന്നും ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനമാണെന്ന് മാളു സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ കരകാണാക്കടല്‍ നീന്തികയറിയ മാളുവിന്റെ ഇച്ഛാശക്തിയും മനഃകരുത്തും ആത്മ വിശ്വാസവും പ്രസാദാത്മകതയും ശുഭ പ്രതീക്ഷയും കണ്ടു പടിക്കേണ്ടത് തന്നെയാണ്. കാലത്തിന്റെ മഹാ പ്രവാഹത്തിന്റെ തീരത്ത് വന്നു നിന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ തന്റെ ജീവിതം ഇങ്ങനെയൊക്കെയായി മാറാന്‍ കാരണക്കാരായ മാതാപിതാക്കളോട് അവള്‍ക്ക് ഒട്ടും നീരസമില്ല. എല്ലാം ദൈവ നിയോഗമായിരുന്നുവെന്നാണ് മാളുവിന്റെ ഭാഷ്യം.

അനുഭവങ്ങള്‍ വലിയ ഗുരുനാഥനാണെന്ന് മാളു ഇന്ന് തിരിച്ചറിയുന്നു. അത് കൊണ്ട് അവള് അനുഭവങ്ങള്‍ക്ക് നന്ദി പറയുന്നു. കൈരളി ടിവിയുടെ ഈവര്‍ഷത്തെ ‘ജ്വാല’ അവാര്‍ഡ് വേദിയില്‍ മാളു തിളങ്ങി നിന്നപ്പോള്‍ എമ്പാടും പ്രകാശം പ്രസരിക്കുകയായിരുന്നു. അത്യന്തം വികാര സാന്ദ്രവും ഹൃദയഭരിതവുമായ ചടങ്ങില്‍ മലയാളത്തിന്റെ മഹാ നടനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ മാളു ആനന്ദബാഷ്പം അണിയുകയായിരുന്നു. ആദരവിന്റെയും അംഗീകാരത്തിന്റെയും സാന്ത്വനത്തിന്റെയും സാഫല്യത്തിന്റെയും അപൂര്‍വ്വ മുഹൂര്‍ത്തത്തില്‍ മാളു പ്രൗഢ സദസ്സിനുമുന്നില്‍ വിനയ പുരസരം ശിരസ്സ് കുനിച്ച് നിന്നു. വേദിയിലെ വിശിഷ്ടാതിഥികളും സദസ്സിലെ സുമനസ്സുകളും അവളില്‍ അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞു. മാളുവിന്റെ സ്വപ്നമായ ഐ.എ.എസിലേക്ക് നടന്ന് കയറുവാന്‍ ആവശ്യമായ പഠനത്തിന്റെ മുഴുവന്‍ ചെലവും താന്‍ നിര്‍വ്വഹിക്കുമെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചപ്പോള്‍ മാളുവിനൊപ്പം സദസ്സും പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതിയിലായിരുന്നു. അതേ, മലയാളികളുടെ മനം കവര്‍ന്ന മാളു എന്ന ധീരയായ ഈ പെണ്കൊടിക്ക് എല്ലാം ഒരു സ്വപ്നം പോലെ…!