ന്യൂഡല്‍ഹി: സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അമ്മയേയും മകളേയും കണ്ടതോടെ സമീപവാസികളാണ് പോലീസിന് വിവരമറിയിച്ചത്. പോലിസ് എത്തി ഇവരെ മോചിപ്പിച്ചപ്പോഴാണ് 4 വര്ഷമത്തോളമായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ മുറിയില്‍ത്തന്നെ ഇവര്‍ കഴിയുകയായിരുന്നു എന്ന് മനസ്സിലായത്. അമ്മയായ കലാവതി(42)യും മകള്‍ ദീപ(20)യുമാണ് സമയത്ത് ആഹാരം പോലും കഴിക്കാതെ 4 വര്‍ഷങ്ങളായി ഇങ്ങനെ കഴിഞ്ഞത്.
ഇവരുടെ ശരീര ഭാരം 25 കിലോയില്‍ താഴെയായിരുന്നു. 2013ല്‍ മകന് ഒരു റോഡപകടത്തില്‍ മരിച്ചതിന് ശേഷം മരുമകളും പേരക്കിടാവും മുറിയില്‍ സ്വയം അടച്ചിരിക്കുകയാണെന്ന് ഭര്‍തൃപിതാവ് മഹാവീര്‍ മിശ്ര വ്യക്തമാക്കി. ആരോഗ്യ നില വളരെ മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ല. പിന്നീട് ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറുടെ സഹായത്തോടെ ഇരുവരേയും വീടിന് പുറത്തെത്തിക്കുകയായിരുന്നു.