
പനാജി: സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംതുലിതമായ തീരുമാനത്തിനാണ് ശ്രമിക്കുന്നതെന്ന് സെൻസർബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി. എന്നാൽ ഇതിന് ആവശ്യമായ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിവാദം സംഭവിച്ചില്ലെങ്കിൽ സിനിമയുടെ സർട്ടിഫിക്കേഷന് 68 ദിവസം മതിയായതാണ്. തങ്ങൾ കൂടുതൽ സമയം ചോദിക്കുകയില്ലായിരുന്നു. ഇത്തരം അവസ്ഥ പുതുതല്ലെന്നും വർഷങ്ങളായി സെൻസർബോർഡിനൊപ്പമുള്ളതാണെന്നും പ്രസൂൺ ജോഷി പറഞ്ഞു.

പ്രശ്നത്തിൽ പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സെൻസർബോർഡിന് കൂടുതൽ സമയം നൽകണം. തീരുമാനമെടുക്കാൻ ശരിയായ മാനസികാവസ്ഥയ്ക്കു അവസരം ഒരുക്കണം. വിഷയുമായി ബന്ധപ്പെട്ട എല്ലാവരോടും ഇക്കാര്യം അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രസൂൺ ജോഷി.
