
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തി. ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. വ്ളാഡിവോസ്റ്റോകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ചര്‍ച്ചനടത്തും.
ബുധനാഴ്ച രാവിലെ വ്ളാഡിവോസ്റ്റോകില്‍ വിമാനമിറങ്ങിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് സ്വീകരിച്ചു. ശേഷം ഇവിടെയുള്ള ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ സമൂഹവും അദ്ദേഹത്തിന് സ്വീകരണം നല്കി.

വൈകീട്ട് നാലിനുനടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. തുടര്‍ന്നാണ് പുതിനുമായി ചര്‍ച്ച. തുടര്‍ന്ന് വിവിധമേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഉച്ചകോടിക്കുശേഷം സ്വേഡ കപ്പല്‍നിര്‍മാണശാല പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ഇന്ത്യയ്ക്കും റഷ്യയ്ക്കും താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളാണ് ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാന അജന്‍ഡയെന്ന് യാത്ര പുറപ്പെടും മുന്‍പ് നല്കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
