പുഴയില്‍ മാലിന്യം തള്ളാതിരിക്കാന്‍ ശ്രദ്ധിക്കൂ, ഒരാഴ്ചയ്ക്കകം മരണത്തിലേക്ക് നയിക്കുന്ന രോഗാണുക്കള്‍ വ്യാപിക്കുന്നു; എരുമേലിയിലൂടെയൊഴുകുന്ന മണിമലയാറിന്റെ ദുരന്തസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • Post category:news
  • Reading time:2 mins read
You are currently viewing പുഴയില്‍ മാലിന്യം തള്ളാതിരിക്കാന്‍ ശ്രദ്ധിക്കൂ, ഒരാഴ്ചയ്ക്കകം മരണത്തിലേക്ക് നയിക്കുന്ന രോഗാണുക്കള്‍ വ്യാപിക്കുന്നു; എരുമേലിയിലൂടെയൊഴുകുന്ന മണിമലയാറിന്റെ ദുരന്തസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോട്ടയം: ശ്രദ്ധിക്കുക…പെരുകുന്ന മാലിന്യങ്ങള്‍ വഴി മനുഷ്യന്റെ ജീവനെ പോലും ഇല്ലാതാക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ സംസ്ഥാനത്തെ പുഴകളില്‍ വ്യാപിക്കുന്നു. മണിമലയാറ്റില്‍ പതിവു പോലെ കുളിച്ചുകയറിയ എരുമേലി പാടിക്കല്‍ ആന്‍സിലിന്‍ എന്ന പതിനാറുകാരന്റെ മരണ കാരണം അന്വേഷിച്ചവര്‍ ഞെട്ടിപ്പോയി. മണിമലയാറ്റിലെ കുളിക്കിടയില്‍ ചെവിയിലൂടെയോ വായിലൂടെയോ മൂക്കിലൂടെയോ ശരീരത്തിലേക്ക് പ്രവേശിച്ച അമീബയില്‍ നിന്നുണ്ടായ അണുബാധയാണ് പെട്ടെന്ന് ആന്‍സിന്റെ ജീവനെടുത്തത്. ലോകത്തുതന്നെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗമാണിത്. വെള്ളത്തില്‍നിന്നും ചെവിക്കുള്ളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച അമീബിയയിലൂടെയുണ്ടായ മെനിഞ്ചോ എന്‍സഫലൈറ്റിസ് രോഗം മൂലമാണു മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേരളത്തില്‍ ഇത് രണ്ടാമത്തെ മരണമാണ് ഈ രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ തോട്ടില്‍ കുളിക്കുന്നതിനിടയില്‍ അമീബ തലച്ചോറില്‍ എത്തിയതിനെത്തുടര്‍ന്നു ഒരു കുട്ടി മരിച്ചിരുന്നു. താപനില കൂടിയ വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാകുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അന്തരീക്ഷ വായുവിന്റെ ചൂടും വെള്ളത്തിലെ രാസമാറ്റവും ലവണവര്‍ധനവും വെള്ളത്തിലെ താപനില ഉയര്‍ത്തും. കക്കൂസ് മാലിന്യങ്ങള്‍, രാസവിഷങ്ങള്‍, എന്നിവ ജലത്തില്‍ കലരുന്നതും അമീബയുടെ വര്‍ദ്ധനവിന് കാരണമാകുന്നതായാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ എരുമേലിയിലൂടെയൊഴുകുന്ന മണിമലയാറിന്റെ ദുരന്തസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒട്ടേറെ കുടിവെള്ള വിതരണ പദ്ധതികളാണ് ഈ പുഴയില്‍ പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രീയമായ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഈ കുടിവെള്ള വിതരണ പദ്ധതികളിലൊന്നും പ്രവര്‍ത്തിക്കുന്നില്ല.

ഇത് പരിഹരിച്ചില്ലെങ്കില്‍ നിരവധി ജീവനുകള്‍ക്ക് ഇനിയും ഭീഷണിയുണ്ടാകും. കേരളത്തിലെ മിക്ക ജലസ്രോതസുകളുടെയും അവസ്ഥ സമാനമാണ്. ഇനിയെങ്കിലും ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടല്‍ ശക്തമാക്കിയില്ലെങ്കില്‍ വന്‍ ദുരന്തസാധ്യതയാണ് കാണുന്നത്. കഴിഞ്ഞയിടെ മണിമലയാറിലെ കൊരട്ടിയില്‍ ആയിരക്കണക്കിനു മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നതിനാലാണ് ഇതെന്നായിരുന്നു വിലയിരുത്തിയത്. ശബരിമല തീര്‍ത്ഥാടന കാലത്തു വന്‍തോതില്‍ കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്കൊഴുക്കിയിരുന്നു. മാരക രോഗങ്ങള്‍ സൃഷ്ടിക്കുന്ന ലെഡ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ഗാഢലോഹങ്ങളടങ്ങിയ പൊടികളാണ് തീര്‍ത്ഥാടകര്‍ക്കു പേട്ടതുള്ളലില്‍ ശരീരത്തു പൂശാന്‍ വിറ്റഴിക്കുന്നത്. കുളിക്കുമ്പോള്‍ ഇവ തോടുകളിലും നദിയിലുമടിയുന്നു. ഇവയെല്ലാമാണ് ഇവിടെ ദുരന്തത്തിന് കാരണം. ടൗണിനടുത്ത് ഓരുങ്കല്‍കടവിലാണ് അന്‍സില്‍ കുളിച്ചത്. തലവേദന കടുത്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം മൂന്നിനാണ് കൊരട്ടി തടയണയില്‍ അന്‍സില്‍ കുളിച്ചത്. 13നാണ് അന്‍സില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. അമേരിക്കയുടെ മെറ്റ്‌സ്‌കേപ്പ് കണക്ക് പ്രകാരം അമീബിക് ഇന്‍ഫെക്ഷന്‍ ബാധിച്ചവരില്‍ അഞ്ചു പേര്‍ മാത്രമാണ് ഇതുവരെ രക്ഷപ്പെട്ടിട്ടുള്ളത്. രക്ഷപ്പെട്ടവരെല്ലാം ജീവച്ഛവമായ സ്ഥിതിയിലാണുള്ളതെന്നും അന്‍സിലിനെ ചികിത്സിച്ച കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൗമാരപ്രായക്കാരെ ആക്രമിക്കുന്ന ഈ അമീബ പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്. തലച്ചോറില്‍ എത്തിയാല്‍ ഉടന്‍ കോശങ്ങളെ നശിപ്പിച്ചാണ് ഈ അമീബ പ്രവര്‍ത്തനം തുടങ്ങുന്നത്. തുടര്‍ന്ന് രക്തസ്രാവം ഉണ്ടാകുകയും കടുത്ത പനിയെ തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാകുകയും ചെയ്യും. ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയും ചെയ്യും. രോഗിയുടെ സ്‌പൈനല്‍ ഫല്‍യിഡ് ടെസ്റ്റിലൂടെ മാത്രമാണ് ഈ അമീബയെ കണ്ടെത്താന്‍ കഴിയുകയെന്നു ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള സംവിധാനം രാജ്യത്തു വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് നിലവിലുള്ളത്.

0Shares