പീഡന കേസുകളിൽ പ്രതികള്‍ക്ക് വധശിക്ഷ 21 ദിവസത്തിനകം; ദിശ ബില്‍ പാസാക്കി ആന്ധ്രാ പ്രദേശ് നിയമസഭ

  • Post category:news
  • Reading time:1 min read
You are currently viewing പീഡന കേസുകളിൽ പ്രതികള്‍ക്ക് വധശിക്ഷ 21 ദിവസത്തിനകം; ദിശ ബില്‍ പാസാക്കി ആന്ധ്രാ പ്രദേശ് നിയമസഭ

ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് യാതൊരു വിധത്തിലുള്ള കരുണയും കാണിക്കേണ്ടെന്ന പ്രഖ്യാപനവുമായി ആന്ധ്ര പ്രദേശ് ദിശ ബില്‍ 2019 നിയമസഭ പാസാക്കി. ലൈംഗിക പീഡന കുറ്റവാളികള്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ വിധിക്കുന്നതാണ് ആന്ധ്രാപ്രദേശ്‌ ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് 2019. ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയ ക്രൂരതകളില്‍ കുറ്റവാളികളായി കണ്ടെത്തുന്നവര്‍ക്ക് 21 ദിവസത്തിനകം ശിക്ഷ പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ദിശ ബില്‍.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള രണ്ട് ബില്ലുകള്‍ക്ക് ആന്ധ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ലൈംഗിക പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ശക്തമായ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിയമം അനുശാസിക്കുന്നത്.

വിചാരണ 14 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാക്കണം. ഇതോടെ 21 പ്രവൃത്തി ദിനങ്ങള്‍ക്കകം അന്തിമവിധി പുറപ്പെടുവിക്കാനും വഴിയൊരുങ്ങും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രത്യേക കോടതികള്‍ ഓരോ ജില്ലയിലും സ്ഥാപിക്കാനും ക്യാബിനറ്റ് അംഗീകാരം നല്‍കി. ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് അതിക്രമം, പൂവാല ശല്യം, ലൈംഗിക പീഡനം, പോക്‌സോ പ്രകാരമുള്ള കേസുകള്‍ എന്നിവയാണ് ഈ കോടതികള്‍ പരിഗണിക്കുക.

0Shares