
കുണ്ടംകുഴി(കാസർകോട്): പരിസ്ഥിതി വിഷയങ്ങളിൽ വിദ്യാർഥികളുടെ ഇടപെടൽ അനിവാര്യമാണെന്ന് സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസിലെ അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഥാകാരൻ തന്നെ കുട്ടികളുമായി സംവദിക്കാനെത്തിയത്. പരിസ്ഥിതി വിഷയങ്ങളിൽ ഊന്നി കഥകളെഴുതാൻ കാരണമെന്താണെന്ന കുട്ടികളിൽ നിന്നുയർന്ന ചോദ്യത്തിന് തൻ്റെ സാമൂഹിക പ്രതിബദ്ധതയാണ് അതിനു പ്രേരിപ്പിക്കുന്നതെന്നും കാസർകോടിൻ്റെ തനതുഭാഷ അതിനു കൂടുതൽ ശക്തി പകരുന്നതായും അദ്ദേഹം വ്യക്തമാക്കി.

തൻ്റെ ചുറ്റുപാടും സംഭവിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ നൊമ്പരപ്പെടുത്തിയ മനസിൽ നിന്നാണ് കഥയെഴുത്തിൻ്റെ ഉറവകൾ മുളപൊട്ടുന്നതെന്നും കഥാകാരൻ പറഞ്ഞു. പ്രധാനധ്യാപകൻ്റെ ചുമതല വഹിക്കുന്ന പി.ഹാഷിം, മലയാള വിഭാഗം അധ്യാപകരായ പി.കെ ജയരാജൻ, അനൂപ് പെരിയൽ, ടി.പി റജുല എന്നിവർ നേതൃത്വം നൽകി.
