
സെയ്ദ് ഷിയാസ് മിർസ
”മിന്നാമിനുങ്ങ് – The Fire Fly” കുറേ നാളുകൾക്ക് ശേഷം ഹൃദയസ്പർശിയായ ഒരു സിനിമ. അവാർഡ് സിനിമ എന്ന കാറ്റഗറിയിൽപ്പെടുത്തി ഒരു കരച്ചിൽ സിനിമ കാണാനുള്ള മൂഡിൽ തിയറ്ററിലെത്തിയ പ്രേക്ഷകന്റെ മുന്നിൽ തെളിയുന്നത്ജീവിതം നൽകുന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചമായിരിക്കും.
സുരഭിയ്ക്ക് വേണ്ട പിന്തുണ നൽകി ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച സഹ താരങ്ങളും അതിന് നിർദേശം നൽകിയ സംവിധായകനും കരുത്തുറ്റ തിരക്കഥയും കയ്യടി അർഹിക്കുന്നു. കൃഷ്ണൻ ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രഭു എന്ന കഥാപാത്രം അയാളുടെ അഭിനയശേഷിയുടെ ആഴം വരച്ചു കാട്ടുന്നുണ്ട്. സുരഭിയുടെ അച്ഛൻ കഥാപാത്രം, കമ്പനിയിലെ ബോസ്, റിസപ്ഷനിസ്റ്റ് എന്നീ വേഷങ്ങളിലെത്തിയ മുഖങ്ങൾ മലയാള സിനിമയ്ക്ക് തിരുവനന്തപുരം കേന്ദ്രമായി ഒരു രണ്ടാം സ്പെൽ ഒരുങ്ങുന്നുവെന്ന സൂചനയാണ് നൽകുന്നത്. മാനവീയം വീഥിയുടെ ചുവരിൽ ജിജോ വരച്ച ചിത്രം പോലും ഈ സിനിമയിൽ ഒരു റോൾ ഭംഗിയായി കൈകാര്യം ചെയ്തു എന്ന് വേണം പറയാൻ.
ഓരോ സീനുകളിലും പ്രേക്ഷകന്റെ മുൻ ധാരണകളിൽ കത്തിവച്ചു കൊണ്ടാണ് പടം പുരോഗമിക്കുന്നതെന്നതിനാൽ അവസാന സീൻ വരെ തീർച്ചയായും ഈ സിനിമ നിങ്ങളെ പിടിച്ചിരുത്തും. ഒരു സമ്പൂർണ്ണ സെന്റിമെൻസ് പടം/ മെലോ ഡ്രാമയായിരിക്കും എന്ന മുൻ ധാരണയ്ക്ക് വിരുദ്ധമായി ഒരു നല്ല മോട്ടിവേറ്റിംഗ് ഉളളടക്കമാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്. വെള്ളായണിയുടെയും തിരുവനന്തപുരം നഗരത്തിനുമിടയിൽ ചുരുൾ വിടരുന്ന കഥ ഒരു കരുത്തുറ്റ സ്ത്രീയെയാണ് സ്ക്രീനിൽ മോൾഡ് ചെയ്തെടുക്കുന്നത്. നമ്മുടെ കൂടെ നമ്മുടെ ആരെങ്കിലുമൊക്കെയായി ഇങ്ങനെ ഒരു സ്ത്രീ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്ന രംഗങ്ങൾ നിങ്ങളുടെ കണ്ണിൽ അൽപ്പം നനവ് പടർത്തിയേക്കാം.
പ്രതിഭലേച്ഛ കൂടാതെ കർമ്മങ്ങളെ മുറുകെപിടിക്കുന്ന ഒരു കഥാപാത്രം ആയി സുരഭി ജീവിക്കുകയായിരുന്നു. മലബാർ സംഭാഷണ ശൈലി വിട്ട് തനി തിരുവന്തോരം സ്ലാങ്ങിൽ സുരഭിയെ കൊണ്ട് സംസാരിപ്പിച്ച് കേന്ദ്ര സർക്കാർ അവാർഡ് വരെ നേടിക്കൊടുത്ത സംവിധായക മികവ് മലയാള സിനിമക്ക് ഇനിയും നിരവധി സിനിമകളിലുടെ ആസ്വദിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
എല്ലാരും തിയേറ്ററിൽ പോയി ഈ സിനിമ കാണണം. സ്കോർ (4/5).
