
ലഖ്‌നൗ: താജ്മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യു.പി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്‍. യു.പി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ചയാണ് ഉത്തര്‍പ്രദേശിന്റെ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊള്ളിച്ച് പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരമടങ്ങിയ കൈപ്പുസ്തകം സര്‍ക്കാര്‍ പുറത്തിറക്കിയത്. 32 പേജുള്ള പുസ്തകം ‘ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാരം-പരിധികളില്ലാത്ത സാധ്യതകള്‍’ എന്ന പേരിലാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പട്ടികയില്‍ താജ്മഹലിന്റെ പേരോ വിവരങ്ങളോ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

താജ് മഹലിനെ ഒഴിവാക്കിയ തീരുമാനം ആദിത്യ നാഥ് സര്‍ക്കാരിന്റെ വര്‍ഗീയ കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രയോജനമില്ലാത്ത ഭരണാധികാരിയാണ് ആദിത്യനാഥ് എന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനു പുറമേ എസ്പി, സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് അസം ഖാന്‍ വ്യക്തമാക്കി. ‘സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ വൈകിയപ്പോയെന്നാണ് തനിക്ക് തോന്നുന്നത്. താജ്മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, ആഗ്ര കോട്ട, പാര്‍ലമെന്റ്, രാഷ്ടപതി ഭവന്‍ തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകമാണെന്നും അസം ഖാന്‍ അഭിപ്രായപ്പെട്ടു.
