എഡിറ്റോറിയല്‍: കേരളത്തിന്റെ ആത്മീയ ഭൂമികയില്‍ ദീര്ഘസംവത്സരങ്ങളായി കീര്‍ത്തി പൂണ്ട പ്രദേശമാണ് കൊട്ടിയൂര്‍. കൊട്ടിയൂര്‍ പെരുമാളിന്റെ ദര്‍ശന പുണ്യത്തിനും അനുഗ്രഹാശിസ്സുകള്‍ക്കുമായി ഭക്തലക്ഷങ്ങളാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഓരോ തീര്‍ത്ഥാടനകാലത്തും അവിടേക്ക് ഒഴുകി എത്തുന്നത്. മലയോര-കുടിയേറ്റ മേഖല എന്ന നിലയിലുള്ള സവിശേഷതയും ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെ പ്രധാന തട്ടകം എന്ന പ്രത്യേകതയും കൊട്ടിയൂരിന്റെ ചുറ്റുവട്ടത്തിനുണ്ട്. പള്ളികളും പട്ടക്കാരും കൊണ്ട് അനുഗൃഹീതമായ ഈ പ്രദേശത്തിന്റെ പേരിനും പെരുമയ്ക്കും എക്കാലവും കളങ്കം ചാര്‍ത്തുന്ന വിധത്തിലാണ് ഏതാനും ദിവസങ്ങളിലായി ഇവിടെ നിന്നും ലോകമെങ്ങും അലയടിക്കുന്ന വാര്‍ത്തകള്‍. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന് പള്ളി വികാരിയും സ്കൂള്‍ മാനേജറുമായ ഫാ. റോബിന് വടക്കുംചേരിയെന്ന ‘മാന്യദേഹം’. ആ ‘മഹാനുഭാവന്’ ചെയ്തുകൂട്ടിയ വിക്രിയകള്‍ കേരളീയ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന, ജുഗുപ്സാവഹമായ സംഭവങ്ങളാണ്. ആത്മീയതയുടെ കാവലാളെന്ന് ഊറ്റം കൊള്ളുന്ന ഇത്തരക്കാര്‍ ആരാധനാലയങ്ങളുടെ പരിശുദ്ധി മായ്ച്ചു കളയുകയും പുണ്യസങ്കേതങ്ങള്‍ യഥേഷ്ടം വ്യഭിചരിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ദൈവത്തിന്റെ പ്രതി പുരുഷന്മാരെന്ന് സ്വയം കരുതുകയും നിഷ്കളങ്ക മനസ്സുകള്‍ അത്തരത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഇമ്മട്ടിലുള്ള വൈദികന്മാരെ ചെകുത്താന്മാരായി മാത്രമെ നമ്മുക്ക് കണക്കാക്കാനാവൂ..എട്ടും പൊട്ടും തിരിയാത്ത പതിനാറുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഈ മനുഷ്യനെ എങ്ങനെ വൈദികന് എന്ന് വിളിക്കും?. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും സ്വാധീന ശക്തികളുടെയും പിന്‍ബലത്തില്‍ ഈ നരാധമന് കുറേകാലമായി ഇത്തരത്തില്‍ പാവം പെണ്‍കൊടിമാരുടെ ചാരിത്ര്യം കവര്‍ന്ന്, തടിച്ച് കൊഴുത്ത് സുഖിച്ച് മദിച്ച് നടക്കുകയായിരുന്നു.

ആത്മീയതയുടെ ശുഭ്രവസ്ത്രം അണിഞ്ഞ് ഇക്കാലമത്രയായും സത്യവിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ട് നടക്കുകയായിരുന്ന ഈ വൈദികന് ആട്ടിന്‍ തോലിട്ട ചെന്നായയെയാണ് അനുസ്മരിപ്പിക്കുന്നത്. ദൈവീകതയുടെ പരിവേഷം അണിഞ്ഞ ഈ വിദ്വാന് പള്ളിമേടയിലെ ആത്മീയാന്തരീക്ഷത്തെ പിച്ചിചീന്തി മലിനമാക്കുക വഴി ക്രിസ്തുമത വിശ്വാസികളുടെ ഹൃദയത്തിനാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന കാര്യം നമ്മുടെ കഥാപുരുഷനായ വൈദികന് ഓര്ത്തില്ലെന്നുവേണം കരുതാന്‍. ധാര്‍മ്മിക മൂല്യങ്ങളെയും സദാചാരബോധത്തേയും തിരസ്കരിച്ച് ലൗകിക സുഖങ്ങളില്‍ അഭിരമിച്ച ഈ വൈദിക ശിരോമണി ഒടുവില്‍ ആത്മരക്ഷാര്‍ഥം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൈവത്തിന്റെ കരങ്ങള്‍ ‘ഈ സംപൂജ്യനെ’ കൈയോടെ പിടികൂടിയത്. അങ്ങനെ പുരോഹിതന്റെ മഹദ് ചരിതം കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികള്‍ അറിഞ്ഞു. വൈദികനും കൂട്ടാളികളും ഇപ്പോള്‍ പോലീസിന്റെ കൈയ്യിലാണെങ്കിലും അതിസമര്‍ത്ഥനായ ഇയാള്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലം കൊണ്ട് ഒടുവില്‍ രക്ഷപ്പെട്ടുകൂടായ്കയില്ല. പണം വാരിയെറിഞ്ഞ് നീതിയെയും നിയമത്തേയും നിഷ്പ്രഭമാക്കി കഥയുടെ ഒടുവില്‍ ഈ വൈദികന് പുണ്യാളനായി ലോക സമക്ഷം പ്രത്യക്ഷപ്പെടില്ലെന്ന് ആരു കണ്ടു?. ഇയാളെ രക്ഷിക്കാന്‍ അരങ്ങിലും അണിയറയിലും പലരും അരയും തലയും മുറുക്കി വൈകാതെ രംഗപ്രവേശം ചെയ്തേക്കാം. മുന്‍ കാലങ്ങളില്‍ കേരളീയ സമൂഹത്തിനുണ്ടായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അത്തരം ഒരു ആശങ്കയാണ്. കേരളത്തെ പിടിച്ച് കുലുക്കിയ കുപ്രസിദ്ധമായ അഭയാക്കേസിനെക്കുറിച്ച് ഇത്തരുണത്തില്‍ ഒന്ന് ഓര്‍ത്ത് നോക്കുക. വൈദികന്മാരുടെ കരുണയറ്റ കൈകളാല്‍ ജീവഹാനി സംഭവിച്ച മാടപ്രാവിനെ പോലുള്ള ആ പെണ്‍കുരുന്നിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല!. കര്‍ത്താവിന്റെ പ്രതിപുരുഷനായ ഫാ.റോബിന് വടക്കുംചേരിയെ ഇത്തരത്തില്‍ ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി ഇക്കാലത്ത് നമുക്ക് കാണാന്‍ വയ്യ. ജീര്‍ണിച്ച് ദുര്‍ഗന്ധപൂരിതമായ ആത്മീയ മേഖലയുടെ പ്രതീകമാണ് ഇയാള്‍. ആത്മീയ കച്ചവടവും ആള് ദൈവങ്ങളും അരങ്ങ് തകര്‍ക്കുന്ന ഇക്കാലത്ത് ഈ രംഗത്ത് ഒരു ജീര്‍ണോദ്ധാരണവും ശുദ്ധികലശവും നടത്തേണ്ട കാലം ഏറെ വൈകിപ്പോയിരിക്കുന്നു. പ്രവാചകന്മാരേ പറയൂ, പ്രഭാതം അകലെയാണോ?…