
ജിദ്ദ: പരിശുദ്ധ ഹജ് കർമത്തിന് ഏഴു മാസത്തെ അകലം ബാക്കി നിൽക്കേ ഇന്ത്യ-സൗദി വാർഷിക ഹജ്ജ് കരാറൊപ്പിടാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും ഉന്നതതല സംഘവും സൗദിയിലെത്തും. അടുത്ത ഞായറാഴ്ച കാലത്ത് സൗദി ഹജ്ജ് മന്ത്രാലയത്തിലാണ് ഹജ് കരാറൊപ്പിടുക. സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് വകുപ്പ് മന്ത്രിയായിരിക്കും കരാറിൽ ഒപ്പ് വെക്കുക.
ഇന്ത്യയിൽ നിന്ന് മൊത്തം 1,70,000 പേർ ഇത്തവണ ഹജ്ജ് കർമം അനുഷ്ഠിക്കാനെത്തും. ഹറം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ വെട്ടിക്കുറച്ചിരുന്ന 20 ശതമാനം ക്വാട്ട കഴിഞ്ഞ വർഷം പുനഃസ്ഥാപിച്ചതിനാൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 1,25,025 പേർക്ക് കേന്ദ്ര ഹജ് കമ്മിറ്റി വഴിയും 45,000 പേർക്ക് സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഇക്കൊല്ലം ഹജ്ജ് കർമം അനുഷ്ഠിക്കാൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽന നിന്ന് ജിദ്ദയിലേക്ക് പുറപ്പെടാനാകും. മഹ്‌റമില്ലാതെ (അടുത്ത ബന്ധുക്കൾ) 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് തനിച്ച് ഹജ്ജ്ന് പുറപ്പെടാനാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച ചർച്ചകളും ഹജ് മന്ത്രിയുമായുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടിക്കാഴ്ചയിൽ നടന്നേക്കും.
ഇന്ത്യൻ ഹാജിമാരുടെ മക്കയിലെ പാർപ്പിടം സംബന്ധിച്ച ചർച്ചകൾക്കും പരിശോധനക്കുമായി ഇന്ത്യയിൽ നിന്നെത്തിയ കെട്ടിട നിർണയ സമിതി(ബി.എസ്.ടി) അംഗങ്ങളും ഇപ്പോൾ ഇവിടെയുണ്ട്. കേന്ദ്ര മന്ത്രിക്ക് പുറമെ വ്യോമയാന മന്ത്രാലയം അധികൃതരും എയർ ഇന്ത്യ മേധാവികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ഇന്ത്യൻ സംഘത്തിലുണ്ടാകും. അംബാസഡർ ഡോ. ജാവേദ് അഹമ്മദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും ഹജ്ജ് കരാറൊപ്പിടുന്ന ചടങ്ങിൽ സംബന്ധിക്കും.
