
ശ്രീനഗര്‍: 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചു. പുല്‍വാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരില് ഒരാളായ കമ്രാന്‍ എന്ന ജെയ്ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിന് വേണ്ടി ഭീകരർ ഒളിച്ചിരുന്ന ഒളിത്താവളം വളഞ്ഞാണ് സൈന്യം തിരിച്ചടിച്ചത്. സൈനികർക്ക് നേരെ സ്ഫോടനം നടത്തിയ ചാവേറിന് പരിശീലനം നൽകിയ ഭീകരനെയാണ് സൈന്യം തന്ത്രപരമായി വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം വളയുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് സൈനിക നടപടി. വീട് വളഞ്ഞതറിഞ്ഞ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഭീകരരെ ജീവനോടെ പിടികൂടാനായിരുന്നു സൈനികരുടെ തീരുമാനം. അതിനായി കടുത്ത ഏറ്റുമുട്ടൽ തന്നെ സൈനികർക്ക് നടത്തേണ്ടിവന്നു. അതിനിടെ നിർഭാഗ്യവശാൽ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു.
ഇതോടെ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഉപേക്ഷിച്ചു. പിന്നീട് വീടിന് ബോംബ് വെച്ച് തകർത്തു. ആ സ്ഫോടനത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല എന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായാണ് വിവരം. മറ്റു ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.
