
ആലപ്പുഴ: അർത്തുങ്കൽ പള്ളിയെകുറിച്ച് വിവാദ ട്വീറ്റ് നൽകിയതിന് ബി. ജെ. പി നേതാവ് ടി. ജി. മോഹൻദാസിനെതിരെ കേസെടുത്ത് എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തു. ടി. ജി മോഹന്‍ദാസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനാണ് പോലീസ് എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തത്. സി. ആര്. പി. സി. 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അർത്തുങ്കൽ പള്ളിയുടെ അൾത്താര പണിയ്ക്കിടയിൽ പൊളിഞ്ഞ് വീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാർ ജോത്സ്യനെ കണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അൾത്താര മാറ്റിയെന്നുമാണ് ടി. ജി മോഹൻദാസ് വാദിക്കുന്നത്.

ഈ ക്ഷേത്രം തിരിച്ചുപിടിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണെന്നും ട്വീറ്റിൽ അദ്ദേഹം പറയുന്നുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്.
