കാസര്‍കോട്: കാസര്‍കോട് ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവി (30) കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.പിക്കെതിരെ പോലീസ് അന്വേഷണം. മംഗളൂരുവിലെ ബി.ജെ.പി എം.പി നളീന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്ക് എം.പി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് എം.പി കാസര്‍കോട് താളിപ്പടപ്പ് ഗ്രൗണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ പി. സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ നളീന്‍കുമാര്‍ അവിടെ നടത്തിയ പ്രസംഗത്തില്‍ കൊലക്ക് ആഹ്വാനം ചെയ്തിരുന്നുവെന്നാണ് ആരോപണം. പി.സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം വീട്ടണമെന്ന് എം.പി ആഹ്വാനം ചെയ്തുവെന്നും പറയപ്പെടുന്നു.

റിയാസ് വധത്തില്‍ അറസ്റ്റിലായ അജേഷും നിധിന്‍ റാവുവും അന്നത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നുവത്രെ. എം.പിയുടെ പ്രസംഗമാണ് മുസ്ലിം സമുദായത്തില്‍പെട്ട ഒരാളെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്ന് അവര്‍ പോലീസിനോട് പറഞ്ഞതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നത്. ഈ മാസം 20-നാണ് കാസര്‍കോട് ചൂരിയില്‍ പള്ളിയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന റിയാസ് മൗലവിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25),നിതിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നുപേരും ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം ലഭിച്ചവരാണെന്ന് അറിയുന്നു. ഇവര്‍ ഇതിന് മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.