തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തില്‍ പ്രത്യേക അന്വേഷണം സംഘം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സിഇഒ ആര്. അജിത്കുമാറടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

എന്‍സിപിയുടെ യുവജനവിഭാഗത്തിന്റെ അധ്യക്ഷനും അഭിഭാഷകയും നല്കിയ പരാതികള്‍ കഴിഞ്ഞ ദിവസം ഡിജിപി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. രണ്ടു പരാതികളിലും സമാനസ്വാഭാവമുള്ള ആക്ഷേപങ്ങളാണ് ഉന്നയിച്ചിരുന്നത്. എ.കെ. ശശീന്ദ്രനുള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട എട്ടംഗ എഡിറ്റോറിയല്‍ ടീമാണ് ഈ സ്റ്റിങ് ഓപ്പറേഷന് ആസൂത്രണം ചെയ്തതെന്ന് ഖേദപ്രകടനം നടത്തിയവേളയില്‍ ചാനല്‍ മേധാവി വെളിപ്പെടുത്തിയിരുന്നു.