ജാതിപീഡനത്തിനെ തുടര്‍ന്ന് ആദിവാസി വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ കേസ്: സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ജാതിപീഡനത്തിനെ തുടര്‍ന്ന് ആദിവാസി വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ കേസ്: സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ: ആദിവാസി വനിതാ ഡോക്ടര്‍ പായല്‍ തഡ്വി (26) ജാതിപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ നായര്‍ ആശുപത്രിയിലെ പി.ജി (ഗൈനക്കോളജി) വിദ്യാര്‍ത്ഥിനിയായിരുന്ന പായലിന്‍റെ റൂം മേറ്റ് ഡോ. ഭക്തി മൊഹാറെയാണു പിടിയിലായത്.
സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ.ഹേമ അഹുജ, അങ്കിത ഖാന്‍ഡേവാള്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇവര്‍ക്കൊപ്പം റൂം പങ്കിട്ടിരുന്ന പായല്‍ വലിയ രീതിയിലുള്ള അവഹേളനവും അക്രമവുമാണ് ജാതിയുടെ അടിസ്ഥാനത്തില്‍ നേരിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താണ് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. ചില കൂട്ടുകാരുമായി പായല്‍ അത്താഴവിരുന്നിന് പോയത് ഇഷ്ടപ്പെടാത്ത സീനിയേഴ്‌സ്, സംഘം ചേര്‍ന്നു ക്രൂരമായി അപമാനിച്ചതിനു പിന്നാലെയാണു ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് ഡോ. സല്‍മാന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തേടി ഒരു വിഭാഗം റസിഡന്റ് ഡോക്ടര്‍മാര്‍ പ്രക്ഷോഭം തുടരുകയാണ്. ‘ജസ്റ്റിസ് ഫോര്‍ പായല്‍’ എന്ന ക്യാംപെയിന് വന്‍ പ്രതികരണമാണു ലഭിക്കുന്നത്.

പായലിന്‍റെ കിടക്കവിരിയിലാണ് മൂവരും കാല്‍ തുടച്ചിരുന്നതെന്നും ജാതിപ്പേരു വിളിച്ച്‌ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ‘ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അവളുടെ സാധനങ്ങള്‍ വലിച്ചെറിയുന്നതു പതിവായിരുന്നു. 4,5 ദിവസം കുളിക്കാന്‍ പോലും അനുവദിച്ചില്ല. വാട്‌സാപ് ഗ്രൂപ്പുകളിലടക്കം കളിയാക്കലുകള്‍ അസഹ്യമായിരുന്നു. പലവട്ടം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പലതും സഹിച്ചാണ് ഇത്രയും നാള്‍ പഠിച്ചത്,’ പായലിന്‍റെ അമ്മ ആബിദ തഡ്വി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ഈമാസം 22നാണു പായല്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചത്. വിദ്യാര്‍ത്ഥി സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനു ശേഷമാണ് അധികൃതരും സര്‍ക്കാരും ഇടപെട്ടത്.വകുപ്പ് മേധാവി ഡോ. വൈ.ഐ.ചിങ് ലിങ്ങിനെയും ആരോപണ വിധേയരായ 3 വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തതും പ്രതിഷേധത്തിനു ശേഷമാണ്.

0Shares