എഡിറ്റോറിയല്‍: ‘കേരളമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം, ഭാരതമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വിഖ്യാതമായ കവി വചനം എത്രയോ കാലം അഭിമാന പൂര്‍വ്വം ഏറ്റുചൊല്ലി ശിരസ്സുയര്‍ത്തി നടന്നവരാണ് നാം. അതി മഹത്തായ പൈതൃകവും പാരമ്പര്യവും കൊണ്ട് അനുഗൃഹീതമായ ഭാരതീയ സംസ്കാരം ലോക രാഷ്ട്രങ്ങള്‍ക്കാകെ മഹാ വിസ്മയമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ദര്‍ശനത്തിലൂടെ വിശ്വ മാതൃകയായ ഇന്ത്യയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്കാരവും പൈതൃകവും പാരമ്പര്യവും ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു എന്നാണ് നാം അനുഭവിക്കുന്ന മഹാ ദുഃഖം. വ്യത്യസ്ത മതങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ജീവിതചര്യകളുടെയും സംഗമഭൂമിയായ ഇന്ത്യയുടെ ഏറ്റവും വലിയ മഹത്വവും ശക്തി സൗന്ദര്യവും കുടികൊള്ളുന്നത് നമ്മുടെ മതേതര കാഴ്ചപ്പാടിലും ജീവിത ക്രമത്തിലുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതേതരത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഈ ഒരു മഹത്വവും സവിശേഷതയും ലോകത്തിലെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ ആവാത്തതാണ്. ലോകത്തിന് മാതൃകയായ ഈ മതേതര വീക്ഷണത്തെ തച്ചുടക്കുന്ന വിധത്തിലാണ് കുറെക്കാലമായി അങ്ങേയറ്റം ഹൃദയവേദന ഉളവാക്കുന്ന സംഭവ വികാസങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നത്. വര്‍ഗ്ഗീയതയും മതാന്ധതയും അസഹിഷ്ണതയും അതിലൂടെ വളരുന്ന ഫാസിസവും നമ്മുടെ നാട്ടില്‍ തലങ്ങും വിലങ്ങും പെരുകുന്നുവെന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധി നഗറില്‍ അരങ്ങേറിയത്.

അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് ഗാന്ധിനഗറില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാരെ അപമാനിച്ച സംഭവം സമൂഹമനസ്സാക്ഷിക്ക് ഏറ്റ ആഴത്തിലുള്ള മുറിവായിട്ടുവേണം കരുതാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടകനായിരുന്ന വനിതാ സര്പാഞ്ചുമാരുടെ ദേശീയ സമ്മേളന വേദിയായ ഗാന്ധിനഗര്‍ മന്ദിറിന്റെ പ്രവേശന കവാടത്തില്‍ എത്തിയ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് എന്നിവരെ തടഞ്ഞു നിര്‍ത്തുകയും ശിരോവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തലയിലെ തട്ടം മാറ്റാതെ ഒരു കാരണവശാലും അകത്ത് കടത്താന്‍ ആവില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശഠിച്ചത്. മുസ്ലിം മത വിശ്വാസികളായ സ്ത്രീകളുടെ മുദ്രകളില്‍ ഒന്നാണ് ഹിജാബ് (ശിരോവസ്ത്രം) അതുകൊണ്ട് തന്നെ ഒരു മുസ്ലിം വനിതയ്ക്ക് തട്ടം ധരിച്ച് ഏത് ചടങ്ങിലും പങ്കെടുക്കാവുന്നതാണ്. അത് ഒരു അവകാശവും സ്വാതന്ത്യവുമാണ്. അത്തരത്തില്‍ വസ്ത്രധാരണം ചെയ്ത ഒരു സ്ത്രീയെ അതില്‍ നിന്ന് വിലക്കാന്‍ ഈ രാജ്യത്ത് ഒരാള്‍ക്കും സാധിക്കില്ല. തട്ടം ധരിച്ച് അകത്ത് കടക്കാന്‍ എത്തിയ ഈ മൂന്ന് വനിതാ രത്നങ്ങളേയും അപമാനിച്ച സംഭവത്തിന്റെ ഉത്തരവാദികള്‍ക്ക് എതിരെ നടപടി കൈക്കൊള്ളണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. കേരളത്തിന് അകത്തും പുറത്തും ഈ വിഷയം ചര്‍ച്ചാ വിധേയമാകുകയുണ്ടായി.

നാം എന്ത് ഭക്ഷണം കഴിക്കണം, ഏത് രീതിയിലുള്ള വസ്ത്രം ധരിക്കണം, തുടങ്ങിയ കാര്യങ്ങളില്‍ കുറെ നാളുകളായി ചില കറുത്ത കൈകളുടെ ഇടപെടലും തീരുമാനവും നടന്നു വരികയാണ്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ അജണ്ടകളില്‍ പെടുന്നതാണോ ഇതെന്ന് പൊതു സമൂഹം സംശയിക്കുകയാണ്. വികലമായ മനോഘടനയോട് കൂടിയ മതബോധം നാടിന് ആപത്താണ്. രാഷ്ട്ര പിതാവിന്റെ ജീവന് അപഹരിച്ച കറുത്ത കൈകള്‍ പലരൂപത്തിലും പലഭാവത്തിലും നമ്മുടെ ചുറ്റും സംഹാര താണ്ഡവമാടുന്നു എന്നുള്ളതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നാം കണ്ട് കൊണ്ടേയിരിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണം ലഭിച്ച് എത്തിയ സഹോദരിമാര്‍ക്ക് ഉണ്ടായ തിക്താനുഭവം ഓരോ കേരളീയന്റെയും മാത്രമല്ല ഓരോ ഭാരതീയന്റെയും ഉള്ക്കണ്ണ് തുറപ്പിക്കാന്‍ പോന്നതാണ്. ആത്മ വീര്യത്തോടെയും ദൃഢമനസ്സോടെയും ഗാന്ധിനഗര്‍ സമ്മേളന വേദിയില്‍ തലയുയര്‍ത്തി നിന്ന ഫൗസിയ, ഷാഹിന, ഷഹര്ബാന് എന്നിവര്‍ക്കും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് സഹോദരിമാര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ട്…