
തമിഴ്നാട്ടില്‍ ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍. തങ്ങള്‍ ചെയ്ത റെയ്ഡ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു നാടകീയ സംഭവങ്ങള്‍.
തൂത്തുക്കുടിയിലെ കനിമൊഴിയുടെ വീടിന്റെ ഒന്നാംനിലയില്‍ ‘ധാരാളം പണം’ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയെന്നും അത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ കനിമൊഴിക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആവര്‍ത്തിച്ചുള്ള റെയ്ഡുകളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിക്കുന്നതെന്നും ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പു കമ്മീഷനും മോഡിയുമായി സഖ്യത്തിലാണെന്നും കനിമൊഴി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭീതി പടര്‍ത്താനാണ് മോഡി ശ്രമിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.
ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷയും തൂത്തുക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ തമിളിസൈ സൗന്ദരരാജന്റെ വീട്ടില്‍ കോടിക്കണക്കിന് രൂപയാണ് ഒളിപ്പിച്ചു വെച്ചിട്ടുള്ളതെന്നും ആദായനികുതി വകുപ്പുകാര്‍ അവിടെ റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച് ഡി.എം.കെ നേതാവും കനിമൊഴിയുടെ സഹോദരനുമായ എം.കെ സ്റ്റാലിന് രംഗത്തു വന്നു.
സി.ബി.ഐ, ആദായനികുതിവകുപ്പ്, ജുഡീഷ്യറി, ഇലക്ഷന് കമ്മീഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാനായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോല്‍വിയെക്കുറിച്ചുള്ള ഭീതിയാണ് ഇതെല്ലാം അവരെക്കൊണ്ട് ചെയ്യിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു.
ഡി.എം.കെയുടെ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. വെല്ലൂരില്‍ നിന്ന് 500 കോടി രൂപ റെയ്ഡിലൂടെ പിടിച്ചെടുത്തിരുന്നു. ഡി.എം.കെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഡി.എം.കെ ട്രഷറര്‍ ദൊരൈ മുരുകന്റെ മകനാണ് കതിര്. ദൊരൈ മുരുകന്റെ വീട്ടില്‍ നിന്നും 10.50 കോടി രൂപയും മറ്റൊരു ഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 11.53 കോടി രൂപയും പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
