കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദലി പൊടുന്നനെ കടലിലേക്ക് എടുത്തു ചാടിയപ്പോള്‍ എല്ലാവരും ഒന്നും പിടികിട്ടാതെ സ്തംഭിച്ചു നിന്നു. തെല്ലുനേരം പകച്ചു നിന്ന ആള്‍ക്കൂട്ടത്തെ മുഴുവന്‍ അത്ഭുതത്തിരമാലകളില് ആഴ്ത്തികൊണ്ട് ജില്ലയുടെ സാരഥി നീന്തി തുടിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യത്തിന്റെ പൊരുള്‍ പിടികിട്ടിയത്. യുവത്വത്തിന്റെ പ്രതീകവും കര്‍മ്മ കുശലനുമായ ഒരു ഒന്നാന്തരം നീന്തല്‍ വിദഗ്ധന്‍ കൂടിയാണ് തങ്ങളുടെ കളക്ടര്‍ എന്ന കാര്യം അവര്‍ അങ്ങനെ തിരിച്ചറിയുകയായിരുന്നു. കടലിലെ ഓളങ്ങള്‍ക്കൊപ്പം കളക്ടര്‍ ആവേശപൂര്‍വ്വം നീന്തിതുടിച്ച കാഴ്ച നൂറുക്കണക്കിന് ആളുകളെ വിസ്മയ ഭരിതരാക്കി. അതേ സമയം പലരും അപകട സാധ്യത ഓര്‍ത്ത് ശ്വാസം അടക്കി കഴിയുകയായിരുന്നു. ചിലര്‍ ആകാശത്തു നോക്കി കൈകൂപ്പി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു-‘ ദൈവമേ, ഞങ്ങളുടെ കളക്ടര്‍ സാറിന് ഒന്നും സംഭവിക്കല്ലേ’ ആഴക്കടലില്‍ ഒരുകിലോ മീറ്ററോളം ദൂരം കൈ മെയ്മറന്ന് നീന്തി മദിച്ച ശേഷം കളക്ടര്‍ തിരിച്ചെത്തുന്നവരെ കടപ്പുറത്തെ ജനക്കൂട്ടം കടലിലേക്ക് നോക്കത്താദൂരം കണ്ണും നട്ട് അക്ഷമയോടെ കാത്തിരുന്നും വീര്‍പ്പടക്കിയും നിമിഷങ്ങള്‍ എണ്ണി കഴിയുകയായിരുന്നു.

കരകാണാക്കടലില്‍ നീന്തി എത്തിയത് കളക്ടര്‍ തന്നെയല്ലേയെന്നും നടന്നത് സത്യമോ മിഥ്യയോയെന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചിരുന്നവരും കടല്‍ തീരത്ത് തടിച്ചു കൂടിയ പുരുഷാരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാഹസികമായ നീന്തലിന് ശേഷം കൂളായി തീരത്ത് തിരിച്ചെത്തിയ കളക്ടറെ നീണ്ടുനിന്ന കൈയടിയോടെ ആഹ്ലാദാരവം ഉയര്‍ത്തികൊണ്ടാണ് വന്‍ ജനക്കൂട്ടം എതിരേറ്റത്. സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ട് കളക്ടറെ പൂച്ചെണ്ടു നല്‍കിയാണ് അവര്‍ വരവേറ്റത്.

യുവാക്കളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനും നീന്തലിനെക്കുറിച്ച് അവബോധമുണ്ടാകുന്നതിനും കണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച ചാള്സണ് സ്വിമ്മിങ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നീന്തല്‍ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ് കലക്ടര്‍ കടലില്‍ നീന്തി നിര്‍വ്വഹിച്ചതെന്ന് പിന്നീടാണ് ചുറ്റും കൂടിയ ജനാവലിക്ക് മനസ്സിലായത്. പയ്യാമ്പലം ലൈഫ്ഗാര്‍ഡ് പി.ചാള്സനാണ് ഈ അക്കാദമിയുടെ നേതൃത്വം വഹിക്കുന്നത്. ഒരു വര്‍ഷം 2000 പേരെ നീന്തല്‍ പഠിപ്പിക്കാനാണ് അക്കാദമി ലക്ഷ്യമാക്കുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍ത്തീരവും ഏറ്റവും കൂടുതല്‍ ജലാശയങ്ങളുമുള്ള നാടു കൂടിയാണ് കണ്ണൂര്‍. ഈ നാട്ടില്‍ എല്ലാവരും നീന്തല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. കളക്ടര്‍ക്കൊപ്പം എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ ഉള്‍ക്കടലില്‍ എത്തിയാണ് കടലിലേക്ക് ചാടിയത്.