
കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ലബിന്റെ പേരില്‍ തുടങ്ങിയ വാട്ട്സാപ് ഗ്രൂപില്‍ അശ്ലീല പോസ്റ്റിട്ടതിനെ തുടര്‍ന്ന് യുവ മാധ്യമപ്രവര്‍ത്തക ഡി.വൈ.എസ്.പി ക്ക് പരാതി നല്കി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് യുവതി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായി. ഇതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. തിങ്കളാഴ്ചയായിരുന്നു ഒരു ചാനല്‍ ലേഖകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്ക്് പുറത്ത്് എന്ന പ്രസ്താവനയുമായി നടന്ന ഗ്രൂപ് ചര്‍ച്ചയുടെ ഭാഗമായാണ് പോസ്റ്റ് വന്നത്.

മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. നിരവധി വനിതകളടക്കമുള്ള പ്രസ്ക്ലബിന്റെ ഗ്രൂപിലാണ് അശ്ലീല വാക്കുകള്‍ പ്രയോഗിച്ചത്. പിന്നീട് ആ മാധ്യമപ്രവര്ത്തകന് തന്നെ ക്ഷമാപണം നടത്തി. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഗ്രൂപ് ചൊവ്വാഴ്ച വൈകുന്നേരം പൂട്ടി. തുടര്‍ന്നു യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി മാധ്യമപ്രവര്‍ത്തകരുടെ മാധ്യമപ്രവര്‍ത്തക സമീപിച്ചിരുന്നു. പിന്നീട് യുവതി പൊലിസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇക്കാര്യം യുവതി തന്നെ ഫേസ് ബുക്കില്‍ അറിയിച്ചിട്ടുണ്ട്.
