ഉദിനൂരിലെ വിളകൊയ്ത്തു സമരസേനാനി കണിച്ചുകുളങ്ങര കുഞ്ഞമ്പു അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ഉദിനൂരിലെ വിളകൊയ്ത്തു സമരസേനാനി കണിച്ചുകുളങ്ങര കുഞ്ഞമ്പു അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉദിനൂരിലെ വിളകൊയ്ത്തു സമരസേനാനി കണിച്ചുകുളങ്ങര കുഞ്ഞമ്പു(87) അന്തരിച്ചു. തിമിരി വിളക്കൊയ്ത്ത് സമരം, മിച്ചഭൂമി സമരം, ട്രാന്‍സ്‌പോര്‍ട്ട് സമരം, ക്ലായിക്കോട് പന്തല്‍ കത്തിക്കല്‍ തുടങ്ങിയ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1930 ല്‍ ചന്തേരയിലാണ് ജനനം. ബാലസംഘത്തിലുടെ പൊതുരംഗത്തേക്ക് വന്നു. 1947 ല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി മെമ്പറായി. 1962 മുതല്‍ 1980 വരെ പിലിക്കോട് പഞ്ചായത്ത് മെമ്പര്‍, അവിഭക്ത പാര്‍ട്ടിയുടെ നീലേശ്വരം മണ്ഡലം കമറ്റി അംഗം, സി.പി.എം നീലേശ്വരം മണ്ഡലം കമ്മിറ്റി അംഗം, പിലിക്കോട് ലോക്കല്‍ സെക്രട്ടറി, പത്ത് വര്‍ഷക്കാലം മാണിയാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1974 ല്‍ ഉദിനൂരിലേക്ക് താമസം മാറി. നിരോധനം ലംഘിച്ച് ഉദിനൂരില്‍ മെയ്ദിന റാലി നടത്തിയതിന് ഇരുപത് ദിവസങ്ങളോളം പോലിസിന്റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. കലാ സംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തത്തിന്റെ ഭാഗമായി നാടകം, കാല്‍ക്കളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പാര്‍ട്ടി സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചു. കേരളത്തിന്റെ പോര്‍വിളി, ഇരുട്ടിന്റെ സന്തതി, മാനം ചുവന്നു തുടങ്ങിയ നാടകങ്ങള്‍, കോല്‍ക്കളിപ്പാട്ടുകള്‍, മുദ്രാഗീതങ്ങള്‍ തുടങ്ങിയവ എഴുതുകയും ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ നേതൃത്വം വഹിച്ചു. ഒളിവില്‍ കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍, ഭാര്യ കിഴക്കൂല്‍ കാര്‍ത്യായനിയുടെ കുടുംബവും കുഞ്ഞമ്പുവിനൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സംസ്‌കാരം വൈകീട്ടു നടന്നു.മക്കള്‍: ഓമന, ശോഭന, ബാലാമണി, ബാലചന്ദ്രന്‍ (വിമുക്ത ഭടന്‍) ശശിധരന്‍ (ദുബായ്). മരുമക്കള്‍:  കെ. ലോഹിതാക്ഷന്‍, ബാലന്‍, പത്മനാഭന്‍ (റിട്ട: വില്ലേജ് അസി ) വിജയലക്ഷമി, ശ്രീജ. സഹോദരങ്ങള്‍: കല്യാണി, പരേതരായ ചിരി, ഭാസ്‌കരന്‍.

0Shares