സ്വാമി വിവേകാനന്ദൻ്റെ പേരില്‍ സംസ്ഥാന സര്‍ക്കാർ ഏർപ്പെടുത്തിയ യുവ പ്രതിഭാ പുരസ്‌കാരം മുഹമ്മദ് ഹിസാമുദ്ദീനും പി. വി ഷാജി കുമാറിനും

  • Post category:local news
  • Reading time:1 min read
You are currently viewing സ്വാമി വിവേകാനന്ദൻ്റെ പേരില്‍  സംസ്ഥാന സര്‍ക്കാർ ഏർപ്പെടുത്തിയ  യുവ പ്രതിഭാ പുരസ്‌കാരം മുഹമ്മദ് ഹിസാമുദ്ദീനും പി. വി ഷാജി കുമാറിനും

കാസര്‍കോട്: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദൻ്റെ പേരില്‍ വിവിധ വിഭാഗത്തിലായി ഏര്‍പ്പെടുത്തിയിട്ടുള്ള യുവപ്രതിഭ പുരസ്ക്കാരത്തിന് ഹിസാമുദ്ദീനും പി. വി ഷാജി കുമാറും അർഹനായി.

പുരസ്‌കാരത്തിൻ്റെ സംരംഭകത്വ വിഭാഗത്തിലാണ് എന്‍ട്രി ആപ്പ് സി.ഇ.ഒയായ കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹിസാമുദ്ദീനെ പുരസ്‌കാരം തേടിയെത്തിയത്. സാഹിത്യ വിഭാഗത്തിലാണ് ജില്ലയിലെ കഥാകൃത്ത് ഷാജികുമാറിന് പുരസ്‌കാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം-ദൃശ്യമാധ്യമം, കല, ഫൈന്‍ ആര്‍ട്‌സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ യുവ പ്രതിഭകളും പുരസ്‌കാരത്തിന് അര്‍ഹരായി.

50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. മാര്‍ച്ച് 31ന് വൈകിട്ട് 3.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് വിതരണം ചെയ്യും.

കമറുല്‍ ഹക്കിം കെ. (സാമൂഹിക പ്രവര്‍ത്തനം), വി.പി. നിസാര്‍ (അച്ചടി മാധ്യമം), കലാമണ്ഡലം ഷര്‍മിള (കല), രജനി എസ്. ആര്‍. (ഫൈന്‍ ആര്‍ട്‌സ്), ശ്രീശങ്കര്‍, സാന്ദ്രബാബു (കായികം), സുജിത്ത് എസ്.പി. (കൃഷി ), ഡോ. റോസിത കുനിയില്‍ (ശാസ്ത്രം) എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായ മറ്റു യുവപ്രതിഭകള്‍.

0Shares