
ഇലക്‌ട്രിക് കാറായ ഏറ്റവും പുതിയ എസ്‍.യു-7നുമായി ഷവോമി. കമ്പനിയുടെ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ വിഭാഗമായ ഷവോമി ഇവിയാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ആഗോള തലത്തില്‍ തന്നെ മുൻനിര ഇലക്‌ട്രിക് കാറുകള്‍ക്ക് എതിരെ മത്സരിക്കാനായാണ് കമ്പനി ഇതിനെ രംഗത്തിറക്കുന്നത്.
ടെസ്‌ല മോഡല്‍ എസ് പോലുള്ള പ്രമുഖ ഇലക്‌ട്രിക് വാഹനങ്ങളുടെ രൂപ ഭംഗിയോടും പ്രകടനത്തിനോടും കട്ടയ്ക്ക് പിടിച്ചു നില്‍ക്കാൻ പറ്റുന്ന നിലയിലാണ് വാഹനം കമ്പനി ഒരുക്കിയതെന്നാണ് ഷവോമി അധികൃതരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. ഈ ഇലക്‌ട്രിക് വാഹനത്തിൻ്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബി.എ.ഐ.സി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള പ്ലാണ്ടിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
ഷവോമി എസ്.യു-7 പോര്‍ഷെ ടെയ്‌കാനിനെ അനുസ്‌മരിപ്പിക്കുന്ന ഒരു സ്‌പോര്‍ട്ടി ഡിസൈനുമായാണ് എത്തുന്നത്. ഇലക്‌ട്രിക് വാഹന നിര്‍മ്മാതാവ് പുറത്തിറക്കിയ ദൃശ്യങ്ങള്‍ എസ്‍.യു-7നെ ഒരു ആഡംബര സ്‌പോര്‍ട്‌സ് കാറായാണ് അടയാളപ്പെടുത്തുന്നത്. അക്വാ ബ്ലൂ എക്സ്റ്റീരിയര്‍ കളര്‍ തീം അതിൻ്റെ ഭംഗി വര്ധിപ്പിക്കുന്നു, സ്‌റ്റൈലിഷ് അലോയ് വീലുകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ഡോറുകളുള്ള ഒരു ഇലക്‌ട്രിക് സെഡാനായ ഷവോമി എസ്.യു-7ന് 4,997 എംഎം നീളവും 1963 എം.എം വീതിയും 1455 എം.എം വരെ ഉയരവുമുണ്ട്. 3000 എം.എം വീല്‍ബേസാണ് ഇതിൻ്റെ മറ്റൊരു സവിശേഷത. ഷവോമി രണ്ട് കോണ്‍- ഫിഗറേഷനുകളില്‍ വാഹനം വാഗ്‌ദാനം ചെയ്യുന്നു. ഇതിന് പുറമെ പവര്‍ സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഒന്നിലധികം പതിപ്പുകള്‍ മോഡലില്‍ ഉള്‍പ്പെടുത്തും.
പവറിൻ്റെ കാര്യത്തില്‍, ഷവോമി എസ്.യു-7ൻ്റെ അടിസ്ഥാന മോഡലിന് 73.6 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കും. അതേസമയം പ്രീമിയം വേരിയണ്ടില്‍ 101 kWh ബാറ്ററി പാക്ക് ആയിരിക്കും ഉള്‍പ്പെടുത്തുക. ഇതിനായി ഷവോമി സ്വന്തം സിടിബി (സെല്‍- ടു- ബോഡി) സാങ്കേതിക വിദ്യ നവീകരിച്ചു കഴിഞ്ഞു. ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്, ഒറ്റ ചാര്‍ജില്‍ വാഹനം 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍ ഏറ്റവും വേഗതയേറിയ ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രകടന നിലവാരവുമായി കിടപിടിക്കുന്ന രീതിയിലാണ് ഷവോമി എസ്.യു.വി ഇലക്‌ട്രിക് സെഡാൻ സജ്ജീകരിച്ചിരിക്കുന്നത്. എസ്‍.യു-7ൻ്റെ താഴ്ന്ന വേരിയണ്ടുകള്‍ക്ക് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയും ഉയര്‍ന്ന വേരിയണ്ടുകള്‍ക്ക് 265 കിലോമീറ്റര്‍ വേഗതയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
