
സ്പെഷ്യല്‍ റിപ്പോര്‍ട്ട്
കാസര്‍കോട്: കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാകുമ്പോഴും കാസര്‍കോട് മാര്‍ക്കറ്റിലും പരിസരത്തും പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി. ചൊവ്വാഴ്ച കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തുകയും ചെയ്തു.
മാസ് ഇനത്തില്‍പ്പെട്ട മത്സ്യത്തിന് കിലോ- 150 രൂപ നിരക്കിലാണ് വീട്ടമ്മ വാങ്ങിയത്. വാങ്ങുന്ന സമയം മത്സ്യം പഴയതാണോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ മത്സ്യ വില്‍പ്പന നടത്തിയ സ്ത്രീ ‘ ഇത് പുതിയതാണെന്നും ഐസ് ഇടാത്ത മീനാണെന്നും’ വീട്ടമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്.

ഈ വീട്ടമ്മ 220 രൂപയുടെ മത്സ്യം വാങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പുഴുവരിക്കുന്ന നിലയിലായിരുന്നു എന്ന് വീട്ടമ്മ പറഞ്ഞു. ഇപ്പോള്‍ ധാരാളമായി പുതിയ മത്സ്യങ്ങള്‍ ലഭിക്കുമ്പോഴാണ് സാധാരണക്കാരെ പറ്റിച്ചുകൊണ്ട് പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ജീവനക്കാരുടെ പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. കാസര്‍കോട് നഗരസഭയും ആരോഗ്യ വകുപ്പ് ജീവനക്കാരും അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
