
നടന്‍ മമ്മൂട്ടി നിറഞ്ഞാടിയ സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുഴു. ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രത്തിൻ്റെ പ്രത്യേകതകള്‍ ഏറെയാണ്. ഡയറക്‌ട് ഒടിടി റിലീസിനെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം, ഒരു സംവിധായികയ്ക്ക് കീഴില്‍ മമ്മൂക്ക അഭിനയിക്കുന്ന ആദ്യ സിനിമ, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയാണ്. ആക്ഷന്‍ സീക്വന്‍സുകളോ മാസ് ഡയലോഗുകളോ ഇല്ലാതെ പച്ചയായ അഭിനയം പ്രേക്ഷകരിലേക്ക് എത്തിയ സിനിമകളിലൊന്ന് കൂടിയാണ് പുഴു. കസബയ്ക്കുള്ള മറുപടിയാണ് പുഴുവെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞിരുന്നു. സങ്കീര്‍ണമായ വികാര വിക്ഷോഭങ്ങള്‍ പ്രേക്ഷകരിലേക്ക് അതേപ്പടി എത്തിക്കാന്‍ മമ്മൂട്ടിക്കായി എന്നതാണ് ഈ ചിത്രത്തിൻ്റെ കാതല്‍.

പതിഞ്ഞ താളത്തില്‍ പോകുന്ന ചിത്രത്തിൻ്റെ ഉള്ളടക്കത്തിലേക്ക് എത്തിച്ചേരാന്‍ പ്രേക്ഷകര്‍ക്ക് കുറച്ച് സമയമെടുക്കും എന്നത് പുഴുവിൻ്റെ പോരായ്മയായോ പ്രത്യേകതയായോ കണക്കാക്കാം. വളരെ പതുക്കെയാണ് സിനിമയുടെ ഉള്ള് പ്രകടമാകുന്നത്. വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ ചിത്രം. ആധുനിക സിനിമയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പുഴുവിലും കാണാം. ഉച്ചത്തിലുള്ള സംഗീതമോ ശബ്ദകോലാഹലങ്ങളോ ഒന്നും ഇല്ലാതെ തന്നെ കഥ പറയുന്ന രീതിയാണ് സംവിധായിക ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. മനുഷ്യമനസുകള്‍ നേരിടുന്ന വെല്ലുവിളിയും വീര്‍പ്പുമുട്ടലുകളും പ്രേക്ഷകര്‍ക്ക് അന്യമായി തോന്നില്ല.
കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പുഴുവില്‍ എത്തുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ കൊണ്ട് അയാളിലെ മനുഷ്യന് ചുറ്റുമുള്ളവരോട് മുഴുവന്‍ പകയുള്ളതായി തോന്നാം. സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമൊത്താണ് കുട്ടൻ്റെ ജീവിതം. തുടക്കത്തില്‍ സാധാരണമായി തോന്നാമെങ്കിലും പോകെപ്പോകെ അയാളുടെയും മകൻ്റെയും ജീവിതം അസാധാരണമാണെന്ന് പിടികിട്ടും. ഒറ്റപ്പെടലിൻ്റെയും അരക്ഷിതാവസ്ഥയെയും ഭയത്തിൻ്റെയും കെട്ടുപാടുകളില്‍ പിണഞ്ഞുകിടക്കുകയാണ് കുട്ടൻ്റെ ജീവിതം. ടോക്‌സിക് പാരന്റിംഗിൻ്റെ മറ്റൊരു വശവും ചിലപ്പോഴൊക്കെ അയാളില്‍ കാണാന്‍ സാധിക്കും. പിതാവിനെ വെറുക്കാനോ എന്നാല്‍ ഉള്‍ക്കൊള്ളാനോ സാധിക്കാതെ ജീവിക്കേണ്ടി വരുന്ന മകനായി കിച്ചു എന്ന കഥാപാത്രത്തെ വാസുദേവ് സജീഷ് മികച്ചതാക്കി.

തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീ കഥാപാത്രമായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. താന്‍ തിരഞ്ഞെടുത്ത ശക്തമായ തീരുമാനത്തിൻ്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നും അകല്‍ച്ച അനുഭവിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ ഇളയ സഹോദരിയാണ്. ചിത്രത്തിലുടനീളം എത്തുന്നില്ലെങ്കിലും തൻ്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ പാര്‍വതിയ്ക്ക് സാധിച്ചു. പാര്‍വതിയുടെ ഭര്‍ത്താവായി എത്തിയ അപ്പുണ്ണി ശശിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യക്തമായ ഡയലോഗുകളും കഥാപാത്രത്തിന് അനുയോജ്യമായ മാനറിസവും പകര്‍ന്ന് നല്‍കാന്‍ അപ്പുണ്ണിയ്ക്ക് സാധിച്ചു . ചെറിയ വേഷങ്ങളില്‍ എത്തുന്ന ഇന്ദ്രന്‍സും കുഞ്ചനും നെടുമുണി വേണുവും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

പുഴു എന്ന ചിത്രത്തിന് എല്ലാവരുടെയും ഉള്ളിലേക്ക് അതേപ്പടി കടക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. നല്ല രണ്ട് ഫൈറ്റ് സീനുകള്‍ കാണാമെന്ന് പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് നിരാശയാകും ഫലം. മറിച്ച് മമ്മൂട്ടിയെന്ന നടൻ്റെ ഗംഭീര പ്രകടനം അതിശയിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. മനുഷ്യനെ പച്ചയായി തന്നെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. പുഴുവിലെ ഓരോ ഫ്രേമുകള്‍ക്കും കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുണ്ട്. നീതി പലര്‍ത്താന്‍ തേനി ഈശ്വറിൻ്റെ ഛായാഗ്രഹണത്തിന് സാധിച്ചു. പുതുമുഖ സംവിധായികയുടെ അങ്കലാപ്പ് കൂടാതെ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും നയിച്ചുകൊണ്ട് പോകാന്‍ സംവിധായകയായ റത്തീനയ്ക്കും കഴിഞ്ഞു. അവസാനം വരെ പിടിച്ചിരുത്താന്‍ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ചിത്രം പറഞ്ഞുവയ്ക്കുന്ന പ്രമേയവും ശക്തമാണ്. ഇന്നും മനുഷ്യമനസുകളില്‍ വെറിപൂണ്ടു നില്‍ക്കുന്ന ജാതിയെന്ന വില്ലന്‍ പുഴുവിലും കടന്നു വരുന്നുണ്ട്. എത്രത്തോളം പുരോഗമനം സംഭവിച്ചാലും ജാതി ചിന്തകള്‍ മനുഷ്യനില്‍ നിന്നും അടുത്തെങ്ങും വിട്ടുപോകില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. അതുതന്നെയാണ് പുഴുവിൻ്റെ രാഷ്ട്രീയവും. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് തോന്നിയ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ചിത്രത്തിൻ്റെ അവസാനം ലഭിക്കുമെന്നതിനാല്‍ പുഴു വേറിട്ട ഒരനുഭവം തന്നെയാകും കാഴ്ച്ചക്കാരില്‍ എത്തിക്കുക.
