ചിരിച്ചതെന്തിന്, മുഖത്ത് നിന്ന് ചോര ഒഴുകുമ്പോഴും; കല്ലെറില്‍ പരിക്കേറ്റ വൈറല്‍ പോലീസുകാരന്‍ പറയുന്നത്‌ ഇതാണ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചിരിച്ചതെന്തിന്, മുഖത്ത് നിന്ന് ചോര      ഒഴുകുമ്പോഴും; കല്ലെറില്‍ പരിക്കേറ്റ വൈറല്‍ പോലീസുകാരന്‍ പറയുന്നത്‌ ഇതാണ്

കല്ലേറുകൊണ്ട് മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്‍ക്കുന്ന ഒരു പോലീസുകാരന്‍റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിൻ്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ പരിക്കേറ്റ പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ് അജിത്താണ് ആ വൈറല്‍ ഫോട്ടോയിലെ പോലീസുകാരന്‍. മുഖത്ത് നിന്ന് ചോരയൊഴുകുമ്പോഴും കനത്ത വേദനിയിലും ഇദ്ദേഹം എന്തിനാണ് ചിരിച്ചതെന്ന് ചിത്രം കണ്ട എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. എ.ഐ.വൈ.എഫ്. മാര്‍ച്ചിനിടെ എന്താണ് സംഭവിച്ചതെന്ന് അജിത്ത് തന്നെ പറയുന്നു.

‘സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്നാണ് കരുതിയിരുന്നത്. പോലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.

കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍, മുഖത്ത് ചോര നിറയുന്നത് കണ്ട് പത്രഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുകയായിരുന്നു. ചോരയൊലിക്കുന്നത് കണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുടെ നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.’

മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം കേരള പോലീസിൻ്റെ ഫെയ്സ്ബുക്ക് പേജിലും ഇടംപിടിച്ചിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

0Shares