കേരളത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരത്തിനായി പശ്ചിമ ബംഗാളും; കിട്ടാനുള്ളത് 18,000 കോടിയെന്ന് ആരോപണം

You are currently viewing കേരളത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരത്തിനായി പശ്ചിമ ബംഗാളും; കിട്ടാനുള്ളത് 18,000 കോടിയെന്ന് ആരോപണം

ന്യൂഡല്‍ഹി: കേന്ദ്രം അവഗണിക്കുന്നു എന്നും സാമ്പത്തീകമായി ഞെരുക്കുന്നു എന്നും ആരോപിച്ച്‌ കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ ജനപ്രതിനിധികളെയും കൂട്ടി ഡല്‍ഹിയില്‍ സമരത്തിന് ഒരുങ്ങുമ്പോള്‍ സമാന നീക്കവുമായി പശ്ചിമബംഗാള്‍ സര്‍ക്കാരും.

ബംഗാളിനുള്ള കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടന്‍ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാരിൻ്റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.

ഏഴു ദിവസത്തിനുള്ളില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം. വിഷയത്തില്‍ ഡിസംബറില്‍ ഡല്‍ഹിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. നേരത്തേ കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച്‌ കേരള സര്‍ക്കാര്‍ നടത്താനിരിക്കുന്ന സമരത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയും കേരളം ക്ഷണിച്ചിരുന്നു. കേന്ദ്രനയം എതിര്‍ക്കപ്പെടേണ്ടത് ആണെന്നായിരുന്നു സ്റ്റാലിൻ്റെയും അഭിപ്രായം.

കേന്ദ്ര സര്‍ക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ ഫെബ്രുവരി എട്ടിനാണ് ജനകീയ സമരം പദ്ധതിയിട്ടിരിക്കുന്നത്.

സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞു വെക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. പദ്ധതി വിഹിതവും നികുതി വിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒപ്പം വായ്‌പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

0Shares