
കാസർകോട്: അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കരിന്തളം വില്ലേജിൽ ഉമിച്ചി എന്ന പ്രദേശത്താണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ഏക്കർ കണക്കിന് സ്ഥലത്താണ് ചെങ്കൽ ഖനന ക്വാറികൾ പ്രവർത്തിക്കുന്നത്.
സർക്കാറിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. അനിയന്ത്രിതമായി ഖനനം നടത്തുന്നതുവഴി പല വിധത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. ശനിയാഴ്ച നടന്ന പരിശോധനയിൽ ഒരു ടിപ്പർ ലോറി പിടിച്ചെടുത്തു. ഖനനം നടക്കുന്ന ഏക്കർ കണക്കിന് സ്ഥലങ്ങളിൽ സർക്കാർ ഭൂമി ഉണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

ലൈസൻസില്ലാതെ ഖനനം നടത്തുന്ന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർന്നും പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് സംഘം പറഞ്ഞു. കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അസി. സബ് ഇൻസ്പെക്ടർമാരായ വി.എം മധുസൂദനൻ, പി.വി സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ.വി ജയൻ, രതീഷ്, ജില്ലാ പഞ്ചായത്ത് അസി. എഞ്ചിനിയർ ബി.വൈശാഖ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
