നവരസം കാന്താരയിലെ വരാഹ രൂപം; നിയമ നടപടിയുമായി തൈക്കൂടം ബ്രിഡ്‌ജ് മ്യൂസിക് ബാന്‍ഡ്

You are currently viewing നവരസം കാന്താരയിലെ വരാഹ രൂപം; നിയമ നടപടിയുമായി തൈക്കൂടം ബ്രിഡ്‌ജ് മ്യൂസിക് ബാന്‍ഡ്

കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്‌ജ്. കാന്താര ശ്രദ്ധ നേടിയതിന് പിന്നാലെ ചിത്രത്തിലെ ‘വരാഹരൂപം’ എന്ന പാട്ടും ചര്‍ച്ചയായിരുന്നു. തൈക്കൂടത്തിൻ്റെ ‘നവരസം’ മായുള്ള സാമ്യമായിരുന്നു പാട്ടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായത്.

തൈക്കൂടത്തിൻ്റെ പാട്ട് കാന്താരയില്‍ കോപ്പിയടിച്ചത് ആണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് ഇതിനെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി.അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നത് ആണെന്നുമായിരുന്നു അജനീഷിൻ്റെ പ്രതികരണം.

എന്നാല്‍, ‘വരാഹ രൂപം’ തൈക്കൂടം ബ്രിഡ്‌ജ് ഇൻ്റെ ‘നവരസം’ എന്ന പാട്ടിൻ്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിൻ്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്.

ഇതിന് പിന്നാലെയാണ് നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് തൈക്കൂടം ബ്രിഡ്ജും വ്യക്തമാക്കിയിരിക്കുന്നത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ബാന്‍ഡ് വ്യക്തമാക്കി. ഈ വിഷയത്തിലെ ശ്രോതാക്കളുടെ പിന്തുണയും സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

0Shares