ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ക്ഷണം; സ്വച്ഛ ഭാരത് മിഷനിലെ മികച്ച പ്രവർത്തനങ്ങൾ; കൂടുതൽ അറിയാം..

You are currently viewing ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ക്ഷണം; സ്വച്ഛ ഭാരത് മിഷനിലെ മികച്ച പ്രവർത്തനങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെ പ്രത്യേക അതിഥിയായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വി.കെ ബാവയ്ക്ക് ക്ഷണം ലഭിച്ചു. ശുചിത്വം, ഒ ഡി എഫ് പ്ലസ്, ജൽ ജീവൻ മിഷൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചതിനാണ് അംഗീകാരം. ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളിലൂടെ സ്വാച്ഛ് ഭാരത് മിഷൻ ഫണ്ടുകളുടെ കൃത്യമായ വിനിയോഗം, തുടർച്ചയായ ഐ.ഇ.സി പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യങ്ങളുടെ പരിപാലനം, എല്ലാത്തരം അജൈവ മാലിന്യങ്ങളുടെയും കൃത്യമായ ശേഖരണവും കൈമാറ്റവും, കുടിവെള്ളം, ആരോഗ്യം, ശുചിത്വ മേഖലകൾക്കായി പദ്ധതിതുകയുടെ വലിയ ശതമാനം നീക്കിവെച്ചുകൊണ്ടുള്ള ചിട്ടയായ പ്രവർത്തന മികവ് എന്നിവ പരിഗണിച്ചാണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവയ്ക്ക് ഈ അവസരം ലഭിച്ചത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുചി മുറികൾ, നിരവധി കമ്പോസ്റ്റ് പിറ്റുകളും റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും സോക്കേജ് പിറ്റുകളും സ്ഥാപിച്ചു നൽകിയത്, പൊതു ശൗചാലയങ്ങളുടെ നിർമ്മാണവും അവയുടെ തുടർ പരിപാലനവും, മികച്ച ഹരിത കർമ്മസേനയും അജൈവ മാലിന്യ പരിപാലനവും, ആധുനിക രീതിയിലുള്ള അജൈവ മാലിന്യ ശേഖരണ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും, 162 മിനി-എം സി.എഫ്-കൾ, പ്രധാന റോഡുകളിൽ ഐ.ഇ.സി സന്ദേശങ്ങൾ രേഖപ്പെടുത്തിയ നിരവധി ബോർഡുകൾ, മികച്ച അംഗൻവാടികളും സ്കൂളുകളും, ആധുനിക രീതിയിലുള്ള മൽസ്യ മാർക്കറ്റും വഴിയോര വിശ്രമ കേന്ദ്രവും മെച്ചപ്പെട്ട ശുചിത്വ സംവിധാനങ്ങൾ, എന്നിവയിലൂടെ ഒ.ഡി.എഫ് പ്ലസ് മോഡൽ പഞ്ചായത്ത് എന്ന പദവി നേടിയെടുത്തതും അംഗീകാരത്തിന് കാരണമായി.

എല്ലാവർക്കും കുടിവെള്ള വിതരണം ചെയ്യുന്നതിനായി പൊതു ടാപ്പുകൾ സ്ഥാപിച്ചു നൽകുകയും, ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പുരോഗതിയുണ്ടാക്കുകയും ചെയ്തു. കൂടാതെ പ്രധാന മന്ത്രി ആവാസ് യോജന-ഗ്രാമീൺ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം വിശ്വ കർമ്മ യോജന, സക്ഷം അംഗൻവാടി, പോഷൺ അഭിയാൻ, പി.എം മാതൃ വന്ദന യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതും ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. കേരളത്തിൽ നിന്നും ആകെ നാല് ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാർക്കാണ് പ്രത്യേക അതിഥികളായി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.

0Shares