
തെലങ്കാനയിലെ നാഗർ കുർണൂലിൽ ടണലിടിഞ്ഞ് എട്ട് പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കെടുത്ത റാറ്റ് മൈനേഴ്സും തികളാഴ്ച്ച രാവിലെ മുതൽ ദൗത്യസംഘത്തിന് സഹായവുമായെത്തി. എൻഡോസ്കോപിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ആരെങ്കിലും ബാക്കിയുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. എട്ട് പേർ കുടുങ്ങിക്കിടക്കുന്ന ഇടം കണ്ടെത്തി അവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് തുടരുന്നത്. അവരുടെ 40 മീറ്റർ അടുത്ത് വരെ രക്ഷാ ദൗത്യ സംഘം എത്തിയതായാണ് വിവരം.
രാത്രി മുഴുവൻ ലൗഡ് സ്പീക്കറുകളുപയോഗിച്ച് കുടുങ്ങിയ ഓരോരുത്തരുടെയും പേര് വിളിച്ച് നോക്കി രക്ഷാപ്രവർത്തകർ. മറുപടിയൊന്നുമുണ്ടായിരുന്നില്ല. രാത്രി വെള്ളമൊഴുകിയിറങ്ങിയത് കൂടിയതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി. മേൽക്കൂര ഇപ്പോഴും ഇടിയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വമ്പൻ ബോറിംഗ് മെഷീനടക്കം പൂർണമായി തകർന്ന് അവശിഷ്ടങ്ങൾ അപകടകരമായ രീതിയിൽ കുന്നുകൂടി കിടക്കുന്നു.
കൂടുതൽ രക്ഷാപ്രവർത്തകരെയും യന്ത്രങ്ങളെയും ഒന്നിച്ച് ദുരന്തം നടന്ന ഭാഗത്തേക്ക് എത്തിക്കാനാകില്ല. അത് ദൗത്യസംഘത്തിന്‍റെ സുരക്ഷയെക്കൂടി ബാധിക്കുമെന്നതിനാൽ പതുക്കെയാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് നീങ്ങുന്നത്. പതിനൊന്നര കിലോമീറ്റർ അകത്ത് വരെ ജനറേറ്ററുകളും കൂടുതൽ പമ്പ് സെറ്റുകളുമെത്തിച്ചിട്ടുണ്ട്. പിന്നീടുള്ള രണ്ട് കിലോമീറ്റർ താൽക്കാലിക കൺവെയർ ബെൽറ്റ് സജ്ജീകരിച്ചു. അവശിഷ്ടങ്ങൾ ഈ കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് കൊണ്ട് വരികയാണ്. കരുതലോടെ അവശിഷ്ടങ്ങൾ പൂർണമായും നീക്കുന്നത് വരെ ദൗത്യം തുടരാനാണ് സർക്കാരിന്‍റെ തീരുമാനം. ടണലിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 13.5 കിലോമീറ്റർ അകലെയാണിവരുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 9 കിലോമീറ്ററിനപ്പുറം കൺവേയർ ബെൽറ്റടക്കം തകർന്ന് ചെളിയും വെള്ളവും മൂടിയ സ്ഥിതിയാണ്. മുട്ടറ്റം ചളിയും നാല് മീറ്ററോളം ഉയരത്തിൽ വെള്ളവുമുണ്ട്. അകത്തേക്ക് ദൗത്യസംഘത്തിന് ഈ സാഹചര്യത്തിൽ കടക്കാനാകില്ല. അതിനാൽ 100 ഹോഴ്സ് പവർ ശേഷിയുള്ള പമ്പുകൾ അകത്തെത്തിച്ച് ചെളിയും വെള്ളവും പമ്പ് ചെയ്ത് കളയാനുള്ള തീവ്രശ്രമത്തിലാണ് സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം.
