സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡണ്ടിന് വിട; മിഖായേല്‍ ഗൊര്‍ബച്ചേവിന് ലോകത്തിൻ്റെ ആദരാഞ്ജലി

You are currently viewing സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡണ്ടിന് വിട; മിഖായേല്‍ ഗൊര്‍ബച്ചേവിന് ലോകത്തിൻ്റെ ആദരാഞ്ജലി

മോസ്കോ: സോവിയറ്റ് യൂണിയൻ്റെ അവസാനത്തെ പ്രസിഡണ്ട് മിഖായേല്‍ ഗൊര്‍ബച്ചേവ് (91)ന് ലോകജനതയുടെ അന്ത്യാഞ്‌ജലി. നീണ്ടുനിന്ന ഗുരുതര അസുഖത്തെ തുടര്‍ന്ന് മോസ്കോയിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിൻ്റെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.

അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചി‍ല്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. 1991ല്‍ സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകത്ത് ഉയര്‍ന്നുവന്ന ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബച്ചേവിൻ്റെ നടപടികള്‍ പ്രധാനപങ്ക് വഹിച്ചു.

അദ്ദേഹത്തിൻ്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞു. യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ഗോര്‍ബച്ചേവിനെ “ചരിത്രത്തിൻ്റെ ഗതി മാറ്റിമറിച്ച ഒരു രാഷ്ട്രതന്ത്രജ്ഞന്‍” എന്നും “ശീതയുദ്ധത്തിന് സമാധാനപരമായ അന്ത്യം കൊണ്ടുവരാന്‍ മറ്റേതൊരാളേക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ച വ്യക്തി” എന്നും പ്രശംസിച്ചു.

ആറുവര്‍ഷം സോവിയറ്റ് യൂണിയൻ്റെ പ്രസിഡണ്ടായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചോവ് കൊണ്ടുവന്ന ഭരണ പരിഷ്കരങ്ങളാണ് ലക്ഷ്യം കാണാതെ സോവിയറ്റ് സാമ്രാജ്യത്തിൻ്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകള്‍ ഓരോന്നായി വിട്ടുപോകവേ, ഡിസംബര്‍ 25ന് അദ്ദേഹം പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

ശീതയുദ്ധം സമാധാനപരമായ ഒരു പരിസമാപ്തിയിൽ എത്തിക്കാന്‍ ഗോര്‍ബച്ചേവ് കാണിച്ച ധൈര്യത്തെയും സത്യസന്ധതയെയും താന്‍ എല്ലായ്‌പ്പോഴും അഭിനന്ദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. “യുക്രെയ്‌നിലെ പുടിൻ്റെ ആക്രമണത്തിൻ്റെ കാലത്ത്, സോവിയറ്റ് സമൂഹത്തെ വിശാലമാക്കാനുള്ള അദ്ദേഹത്തിൻ്റെ അശ്രാന്തമായ പ്രതിബദ്ധത നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്,” അദ്ദേഹം ഒരു ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

1985ല്‍ അധികാരമേറ്റ ഗൊര്‍ബച്ചോവ് രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടു രണ്ട് നയപരിപാടികള്‍ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവല്‍ക്കരണമായ പെരിസ്ട്രോയിക്കയും. ഗൊര്‍ബച്ചേവിൻ്റെ ഈ നടപടികള്‍ വിജയം കണ്ടില്ല.

യെല്‍റ്റ്‌സിന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്ത റഷ്യന്‍ വ്യക്തികളുടെ വിശ്രമകേന്ദ്രമായ മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍, ഭാര്യ റൈസയുടെ അരികില്‍ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ഗോര്‍ബച്ചേവ് കുടുംബവുമായി അടുപ്പമുള്ളവര്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

0Shares