
മുംബൈ: പൂനെയിലെ ലോണാ വാലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂഷി അണക്കെട്ടിലെ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ വിനോദ സഞ്ചാരികൾക്കായി സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വെള്ളച്ചാട്ടത്തിൽ വിനോദ യാത്രയ്ക്കിടെ നാല് കുട്ടികളടക്കം അഞ്ച് പേരാണ് മുങ്ങിമരിച്ചത്. ഞായറാഴ്‌ച മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ തിങ്കളാഴ്‌ച ഒരാളെ കണ്ടെത്തി. അഞ്ചാമത്തെ ആളായ നാല് വയസ്സുകാരനെ കാണാതായി.
പോലീസും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും മറ്റ് രക്ഷാസംഘങ്ങളും ചേർന്ന് അപകട സ്ഥലത്തിനടുത്തുള്ള റിസർവോയറിൽ നിന്ന് മരിയ അൻസാരിയുടെ (9) മൃതദേഹം കണ്ടെടുത്തതായി പൂനെ റൂറൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. നാല് വയസ്സുള്ള അദ്‌നാൻ സഭാഹത് അൻസാരിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ഐ റിപ്പോർട്ട് പ്രകാരം, ഞായറാഴ്‌ച പൂനെയിലെ ഹഡപ്‌സർ ഏരിയയിലെ സയ്യദ് നഗറിൽ നിന്നുള്ള 16-17 അംഗങ്ങളുള്ള ഒരു കുടുംബം പിക്‌നിക്കിനായി ലോണാവാലയ്ക്ക് സമീപമുള്ള ഒരു സ്ഥലം സന്ദർശിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തോളം പേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി.
ഷാഹിസ്ത ലിയാഖത്ത് അൻസാരി(36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരാണ് മരിച്ചത്.
വന്യജീവ് രക്ഷക് മാവൽ, ശിവദുർഗ് റെസ്ക്യൂ ടീം, നാവികസേനയിലെ മുങ്ങൽ വിദഗ്ധർ എന്നിവർ കാണാതായ കുട്ടികളെ കണ്ടെത്താൻ ഞായറാഴ്‌ച വൈകുന്നേരം വരെ തിരച്ചിൽ നടത്തി. തിങ്കളാഴ്‌ച രാവിലെയാണ് മരിയ അൻസാരിയെ കണ്ടെത്തിയത്.

അൻസാരി കുടുംബം ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാൻ പോയിരുന്നുവെങ്കിലും പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായി വെള്ളം ഉയരുകയും ഒഴുകിപ്പോകുകയും ചെയ്‌തു.
മഴക്കാലം ആരംഭിച്ചതോടെ ഭൂഷി, പാവന അണക്കെട്ട് മേഖലകളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. അജ്ഞാത പ്രദേശങ്ങൾ ഒഴിവാക്കാൻ പോലീസിൻ്റെയും മറ്റ് ഏജൻസികളുടെയും മുന്നറിയിപ്പുകൾ പലപ്പോഴും അവഗണിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. ഞായറാഴ്‌ച 50,000ത്തിലധികം ആളുകൾ ലോണാവാല സന്ദർശിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കണക്കാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. മഴക്കാലം പുരോഗമിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഈ മാർഗ്ഗ നിർദ്ദേശങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും അവ കർശനമായി നടപ്പിലാക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു. 6:00 PMന് ശേഷം സൈറ്റിൽ വിനോദ സഞ്ചാരികളെ നിരോധിക്കുക എന്നതാണ് ഒരു പ്രധാന നിയമം.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പൂനെ ജില്ലാ കളക്ടർ പ്രഖ്യാപിക്കുകയും ഈ നടപടികൾ നടപ്പിലാക്കുന്നതിനായി പ്രാദേശിക അധികാരികൾക്ക് ഇടയിൽ ഉത്തരവാദിത്തം ഊന്നിപ്പറയുകയും നിർദേശിക്കുകയും ചെയ്‌തു. “സഞ്ചാരികൾക്കെതിരെ മാത്രമല്ല, ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രാദേശിക അധികാരികൾക്ക് എതിരെയും നടപടിയെടുക്കും. ഒരു അലസതയും ഞങ്ങൾ വെച്ചു പൊറുപ്പിക്കില്ല, ”അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബഹളമുണ്ടാക്കുന്ന യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “മറ്റ് വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്ന പെരുമാറ്റം സഹിക്കില്ല. ഇവർക്കെതിരെ നടപടിയെടുക്കും. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ധാരാളം യുവാക്കൾ വരുന്നു. രാത്രിയിൽ ശല്യവും ബഹളവും ഉണ്ടായതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വൈകിട്ട് ആറിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വൈകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് നടപടി എടുക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
ലോണാവാല, മുൽഷി, മാവൽ, പാവന തുടങ്ങിയ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് സന്ദർശകരോട്, പ്രത്യേകിച്ച് യുവാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.
