
വൈറസുകള്‍ക്ക് രൂപഭേദം സംഭവിച്ചാല്‍ അവയ്ക്ക് ഏതു തരം പ്രതിരോധ വാക്‌സിനുകളെയും മറി കടക്കാന്‍ കഴിയും. ലോകത്തെ മുള്‍ മുനയില്‍ നിര്‍ത്തുന്ന കോവിഡ് വൈറസിനെയും വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ഇതുവരെ വികസിപ്പിച്ച വാക്സിനുകള്‍ സഹായിക്കുമോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉറ്റു നോക്കുന്നത് .
അതെ സമയം ഇക്കാര്യം തിരിച്ചറിഞ്ഞ് എല്ലാ തരം വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ പുതിയ കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

നോർത് കരോലൈന ഗില്ലിങ്സ് സ്കൂൾ ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ആണ് പുതിയ ഹൈബ്രിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ‘സൂപ്പർ വാക്സിൻ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഗവേഷണ ഫലങ്ങൾ ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ ഏതുതരം വൈറസിനെതിരെയുമുള്ള ആന്റിബോഡികൾ ഇവ നിർമിച്ചെടുക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ അവസാനമായി കണ്ടെത്തിയ ബി.1.351 വകഭേദത്തിനെതിരെയും ഇത് വിജയമാണ്. അടുത്ത വർഷം മനുഷ്യരിൽ ഇവ പരീക്ഷണം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. അതെ സമയം പരീക്ഷണത്തിനിരയായ എലികള്‍ കോവിഡിനെതിരെ മാത്രമല്ല, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള മറ്റു കൊറോണ വൈറസുകള്‍ക്കെതിരെയും പ്രതിരോധ ശേഷി നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
