തുടർഭരണത്തിനു വേണ്ടിയുളള വികാരമല്ല, അത് ഒഴിവാക്കാനുളള വികാരമാണ് കേരളത്തിലുളളത്: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing തുടർഭരണത്തിനു വേണ്ടിയുളള വികാരമല്ല, അത് ഒഴിവാക്കാനുളള വികാരമാണ് കേരളത്തിലുളളത്: രമേശ് ചെന്നിത്തല

പിണറായി വിജയന്‍റെ നേതൃത്വത്തിലുളള സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് കമ്യൂണിസ്റ്റുകാർ പോലും ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടർഭരണത്തിനു വേണ്ടിയുളള വികാരമല്ല, അത് ഒഴിവാക്കാനുളള വികാരമാണ് കേരളത്തിലുളളതെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്‍റെ അഴിമതിക്കും കൊളളയ്ക്കും സ്വജനപക്ഷപാതത്തിനും വിശ്വാസ വഞ്ചനയ്ക്കും എതിരെ ജനം വിധിയെഴുതാൻ പോകുകയാണെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി കേരളം സജ്ജമായിക്കഴിഞ്ഞു. നല്ല ഭൂരിപക്ഷം നൽകി ജനം യു.ഡി.എഫിനെ ആശിർവദിക്കും. പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായി താഴേതലത്തിൽ യു.ഡി.എഫിന്‍റെ നല്ല പ്രവർത്തനം നടക്കുന്നുണ്ട്. അക്കാര്യത്തിൽ വളരെ ശ്രദ്ധിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും തിരിച്ചുവരണമെന്ന ചിന്തയുണ്ടെന്നും ആദ്യഘട്ടത്തിലെ ചെറിയ അസ്വാരസ്യങ്ങൾക്കുശേഷം എല്ലാവരും ജയിക്കാനായി ഇറങ്ങുന്ന അനുഭവമാണ് ഉണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തു വരുന്ന പൊതു സൂചനകളും സർവേ ഫലങ്ങൾക്കും വലിയ രാഷ്ട്രീയ പ്രസക്തിയില്ലയെന്നും ചെന്നിത്തല പറഞ്ഞു. സർവേകൾ പലതും പിൽക്കാലത്ത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഓരോ സർവേ വരുമ്പോഴും ഞങ്ങളുടെ പ്രവർത്തകർ ആവേശത്തോടെയും ആത്മാർഥതയോടെയും പ്രവർത്തനരംഗത്തേക്ക് കൂടുതൽ ശക്തമായി ഇറങ്ങുകയാണ് ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇടതു തുടർഭരണമല്ല, പിണറായി ഭരണം മാത്രമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു. 2006ൽ അധികാരത്തിലേറിയ വി.എസ് സർക്കാരിന്‍റെ കാലത്ത് ഈ തുടർഭരണ മുദ്രാവാക്യം ഉയർന്നു കേട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ‘2011 ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിട്ട വി.എസിനെ എങ്ങനെയും പിടിച്ചു പുറത്താക്കാനല്ലേ അന്നു സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രമിച്ചത്? ആ ഭരണത്തിൽ സഹികെട്ടു എന്ന തോന്നൽ അല്ലേ സി.പി.എം പ്രകടിപ്പിച്ചത്തെന്നും ചെന്നിത്തല പറഞ്ഞു.

0Shares