അപകടത്തിൽ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും; കിൻഫ്ര തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് അപകടം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing അപകടത്തിൽ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും; കിൻഫ്ര തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് അപകടം

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് സംഭരണശാലയിൽ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ രഞ്ജിത്തിൻ്റെ കണ്ണ് ദാനം ചെയ്യും. സ്വകാര്യ ആശുപത്രിയിലായിരുന്ന രഞ്ജിത്തിന്‍റെ ഭൗതികദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാനായ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ടത്.

നേത്രദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. അതിനുശേഷം ചാക്ക സ്റ്റേഷനിലും പൊതുദർശനം ഉണ്ടാകും. സംസ്‌കാരം ഉച്ചയ്ക്കുശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ നടന്നു. ചാക്കയിൽ നിന്ന് മൃതദേഹം വിലാപ യാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോയി.

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തവെയാണ് രഞ്ജിത്ത് മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും 3.50ന് മരണപ്പെടുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ദേഹമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിനാണ് ചെവ്വാഴ്‌ച പുലർച്ചെ 1.30 ഓടെ തീപിടിച്ചത്. വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ഈ സമയം സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.

0Shares